ബാംഗലൂരു: കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. രണ്ട് തവണ വാക്സിനെടുത്ത് വാക്സിനേഷന് പൂര്‍ത്തീകരിച്ചവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് പുതുതായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കൊവിഡ് ചട്ടത്തില്‍ പറയുന്നത്. കേരളമുള്‍പ്പെടെ പുറത്തുള്ള ആര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കിലും ഈ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. നേരത്തെ ഇളവ് വരുത്തിയിരുന്ന ചട്ടമാണ് ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്നത്.
സംസ്ഥാന അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. വിമാനം, ട്രെയിന്‍, ബസ്, കാര്‍, തുടങ്ങി എതു വാഹനം വഴി വരുന്നവര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ലോക്ക് ഡൌണ്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയ ഘട്ടത്തില്‍ രണ്ട് തവണ വാക്സിനെടുത്ത് വാക്സിനേഷന് പൂര്‍ത്തീകരിച്ചവര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയായിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളാണ് ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്താവളം , റെയില്വേസ്റ്റേഷന്, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.