ഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിയുടെ കുടുംബം നീതി ലഭിക്കുന്നില്ലെന്നും തങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. നീതി ലഭിക്കുംവരെ അവരോടൊപ്പമുണ്ടാവുമെന്ന് ഉറപ്പുനല്‍കി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
'ഞാന്‍ ആ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് നീതിയാണ് വേണ്ടത് മറ്റൊന്നും വേണ്ട. നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. കൂടെയുണ്ടാകുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുംവരെ രാഹുല്‍ ഗാന്ധി അവരോടൊപ്പമുണ്ടാകും' രാഹുല്‍ ഗാന്ധി പറഞ്ഞു.
'അവളുടെ മാതാപിതാക്കളുടെ കണ്ണീരിന് ഒന്നേ പറയുന്നുളളു, അവരുടെ മകള്‍, ഈ രാജ്യത്തിന്റെ മകള്‍ അവള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കായുളള പോരാട്ടത്തില്‍ ഞാന്‍ അവരുടെ കൂടെയാണ്' എന്നും ദളിത് പെണ്‍കുട്ടിയും രാജ്യത്തിന്‍റെ മകളാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഞായറാഴ്ച്ചയാണ് ഡല്‍ഹിയിലെ നങ്കലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പുരോഹിതനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.