ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ നടി മീരാ മിഥുന്‍ അറസ്റ്റില്‍. ആലപ്പുഴയിലെ റിസോര്‍ട്ടില്‍ വച്ചാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചതിനുപിന്നാലെ നടി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ പൊലീസിന്റെ സൈബര്‍ വിങാണ് നടിയെ ആലപ്പുഴയിലെത്തി അറസ്റ്റ് ചെയ്തത്.
ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന ദളിതരെല്ലാം അക്രമസ്വഭാവമുളളവരാണ് അവരെ സിനിമകളില്‍ നിന്ന് പുറത്താക്കണമെന്നാണ് മീരാ മിഥുന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വിടുതലൈ ചിരുത്തെകള്‍ കച്ചി(വിസികെ) നേതാവും മുന്‍ എംപിയുമായ വന്നി അരസിന്റെ പരാതിയിന്മേലാണ് നടിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുളള അക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മീരാ മിഥുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പുരുഷന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് തന്റെ അടുത്തുളളത് അവര്‍ തന്നെ പീഡിപ്പിക്കുകയാണ് എന്നെല്ലാമാണ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറയുന്നത്. തന്നെ പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും താന്‍ സ്വയം മുറിവേല്‍പ്പിക്കുമെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.