മുംബൈ: അന്താരാഷ്ട്ര പ്രശസ്തയായ സാമൂഹ്യശാസ്ത്ര ഗവേഷകയും എഴുത്തുകാരിയും ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളുടെ ഉറ്റ ബന്ധുവുമായ ഗെയില്‍ ഓംവേദ് അന്തരിച്ചു. ഇന്ന് (ബുധന്‍) കാലത്ത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. കോപ്പന്‍ഹെഗലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ പ്രഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1980 ല്‍ ശ്രമിക് മുക്തിദള്‍ എന്ന പ്രസ്ഥാനം സ്ഥാപിച്ച ഗെയില്‍ ഓംവേദ് 1983 ലാണ് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചത്. പൂനെ സര്‍വകലാശാലയിലെ ഫൂലെ - അംബേദ്‌കര്‍ ചെയറിന്റെ അധ്യക്ഷയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഡവലപ്‌മെന്റല്‍ പ്രോഗ്രാമുകളിലും വിവിധ അന്താരാഷ്ട്ര സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പടിഞ്ഞാറന്‍ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. അമേരിക്കയിലെ മിനസോട്ട സംസ്ഥാനത്തെ മിനപോളീസിലാണ് ഇന്ത്യന്‍ വംശജയായ ഗെയില്‍ ഓംവേദ് ജനിച്ചത്. ഇന്ത്യയിലെ നവസാമൂഹ്യ പ്രസ്ഥാനങ്ങള്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനങ്ങള്‍, ഇന്ത്യയിലെ ബീഗംപുര, ജാതി മനസ്സിലാക്കല്‍, മഹാത്മാ ഫൂലെ, ബുദ്ധമതം, ഡോ. ബാബാ സാഹേബ് അംബേദ്‌കര്‍ തുടങ്ങി 25 ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഗെയില്‍ ഓംവേദ് മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ദളിത്, ജാതിവിരുദ്ധ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നത്. പ്രമുഖ ആക്ടീവിസ്റ്റും പണ്ഡിതനുമായ ഡോ. ഭരത് പതങ്കറാണ് ഭര്‍ത്താവ്. മകള്‍ പ്രാചി, മരുമകന്‍ തേജസ്വി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗെയില്‍ ഓംവേദിന്‍റെ നിര്യാണത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി പ്രമുഖര്‍ അനുശോചിച്ചു. സാമൂഹ്യശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അതിരുകള്‍ ഭേദിച്ച പണ്ഡിതയും മൌലിക ചിന്തയുള്ള ഗവേഷകയുമായിരുന്നു ഗെയില്‍ ഓംവേദ് എന്ന് പ്രമുഖര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.