തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനായി പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുപിന്നാലെ 24 ന്യൂസ് ചാനലിന്റെ മലബാര്‍ റീജിയണല്‍ ചീഫ് ദീപക് ധര്‍മ്മടത്തെ സസ്‌പെന്‍ഡ് ചെയ്തു. മരം മുറിക്കേസില്‍പ്രതികളുമായുളള ദീപക് ധര്‍മ്മടത്തിനുളള ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകളടക്കമുളള തെളിവുകള്‍ ഉള്‍പ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് 24 ന്യൂസ് മാനേജ്‌മെന്റിന്റെ നടപടി. നിലവില്‍ ചീഫ് റിപ്പോര്‍ട്ടര്‍ അര്‍ജുന്‍ മട്ടന്നൂരിനാണ് കോഴിക്കോട് ബ്യൂറോയുടെ ചുമതല.
മരം മുറിക്കേസ് അട്ടിമറിക്കാനും മരം മുറി വിവരം പുറത്തുകൊണ്ടുവന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം. കെ. സമീറിനെ കളളക്കേസില്‍ കുടുക്കാനും ഗൂഢാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമീറിനെതിരെ ആരോപണ വിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍. ടി. സാജനും പ്രതി ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും സംഘമായി പ്രവര്‍ത്തിച്ചെന്നാണ് വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുട്ടിലിലെ മരം മുറി കണ്ടെത്തിയ സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ നടന്ന മരംമുറിയില്‍ കുടുക്കുകയായിരുന്നു. ഫെബ്രുവരി 15-നാണ് സമീറിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്നേ ദിവസം സാജനും ആന്റോ അഗസ്റ്റിനും 12 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീപക് ധര്‍മ്മടവും ആന്റോ സഹോദരന്മാരും ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.