തിരുവല്ല: പ്രമുഖ പാചക വിദഗ്ദനും സിനിമാ നിര്‍മ്മാതാവുമായ നൌഷാദ് അന്തരിച്ചു. 55 കാരനായ നൌഷാദ് ന്യുമോണിയാ ബാധിതനായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷീബ രണ്ടാഴ്ച മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഏകമകള്‍ നഷ്വാ. തിരുവല്ലാ സ്വദേശിയായ നൌഷാദ് പാചക വിദഗ്ദന്‍ എന്ന നിലയിലാണ് ജനശ്രദ്ധ നേടുന്നത്.
നിരവധി ടെലിവിഷന്‍ പാചക പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ 'ഊട്ടുപുര' പാചക ഷോയിലൂടെയാണ് അവതാരകന്‍ എന്ന നിലയില്‍ അരങ്ങേറുന്നത്. പാചക റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോട്ടല്‍ രംഗത്തുണ്ടായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് പാചക രംഗത്തെത്തിയ നൌഷാദ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയാണ് ഈ രംഗത്ത് ചുവടുരപ്പിച്ചത്. 'നൌഷാദ് ദി ബിഗ് ഷെഫ്' എന്ന പേരില്‍ ഹോട്ടല്‍ ശ്യംഗല നടത്തുന്നുണ്ട്. സിഗ്നേച്ചര്‍ എന്നാ പേരില്‍ യു എ ഇ യിലും ഹോട്ടല്‍ നടത്തിയിട്ടുണ്ട്. നിലവില്‍ തിരുവല്ല കേന്ദ്രമാക്കി കാറ്ററിംഗ് സര്‍വീസും നടത്തുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. ബ്ലെസ്സിയുടെ 'കാഴ്ച' എന്ന സിനിമയുടെ സഹ നിര്‍മ്മാതാവായി തുടങ്ങിയ നൌഷാദ് സ്പാനിഷ് മസാല, ബെസ്റ്റ് ആക്ടര്‍, ചട്ടമ്പി നാട്, ലയണ്‍, പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. വെല്ലൂരില്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷം ഇടുപ്പെല്ലിനുള്ള തകരാര്‍ പരിഹരിക്കാന്‍ ചികിത്സ തേടിയിരുന്നു. ഉദരസംബന്ധമായ അസുഖങ്ങളും നൌഷാദിനെ അലട്ടിയിരുന്നു.