തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം, പെന്‍ഷന്‍ പ്രായം, ആശ്രിത നിയമനം, അവധി ദിനങ്ങള്‍, എയിഡഡ് വിദ്യാഭാസ സ്ഥാപനങ്ങളിലെ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് 11-ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. വി കെ മോഹന്‍ദാസ് ഐ എ എസ് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
പെന്‍ഷന്‍ പ്രായം 57
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ 56 ആണ്. നേരത്തെ മുതല്‍ പല സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വിചിന്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് യുവജന സംഘടനകള്‍ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാന്‍ വലിയ തോതിലുള്ള സമവായ ചര്‍ച്ചകള്‍ വേണ്ടിവരും. ഇത് യുവജന സംഘടനകള്‍ തത്വത്തില്‍ അംഗീകരിക്കില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈകൊള്ളില്ല എന്നാണ് കരുതുന്നത്.
പ്രവര്‍ത്തി ദിവസം
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ചുരുക്കണമെന്നാണ് മോഹന്‍ദാസ് കമ്മീഷന്‍റെ മറ്റൊരു ശ്രദ്ധേയമായ ശുപാര്‍ശ. ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി. ഇങ്ങനെ വരുമ്പോള്‍ ജീവനക്കാര്‍ക്ക് ശനിയും, ഞായറും അവധി ദിനങ്ങളാകും. കുറയുന്ന ഒരു പ്രവര്‍ത്തി ദിവസം, സമയ ദൈര്‍ഘ്യം കൂട്ടി പരിഹരിക്കാനാണ് ശുപാര്‍ശ. രാവിലെ 10 മുതല്‍ 5 വരെ എന്നതില്‍ നിന്ന് ഓഫീസ് സമയം 9.30 മുതല്‍ 5.30 എന്നായി മാറും. ഇത് കേന്ദ്ര സര്‍വീസ് ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ക്ക് സമാനമാകും. അവധി ദിനങ്ങള്‍ ഇപ്പോഴത്തെതില്‍ നിന്ന് നിന്ന് കുറയ്ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശയിലുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം വര്‍ക്ക് ഫ്രം ഹോം ആവാം.
ആശ്രിത നിയമനം വേണ്ട
സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ കുടുംബത്തിലെ ഒരംഗത്തിന് ജോലിനല്കുക എന്നത് ഭരണഘടനയിലെ വകുപ്പ് 16 ന്‍റെ അന്തസത്തക്ക് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ ആശ്രിത നിയമനം ഒഴിവാക്കണമെന്ന് ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. പകരം ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണപ്പെടുമ്പോള്‍ ആശ്രിതരുടെ തുടര്‍ ജീവിതം പ്രതിസന്ധിയിലാകാത്ത വിധം കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് വേണ്ടത്. പകരം യോഗ്യതയില്ലാത്തവര്‍ക്ക് ജോലി നല്‍കുമ്പോള്‍ കാര്യക്ഷമതയെ അത് പ്രതികൂലമായി ബാധിക്കും. പുതിയതായി ജോലി തെടുന്നവരേയും അത് പ്രതികൂലമായാണ് ബാധിക്കുക.
എയിഡഡ് നിയമനം മെറിറ്റടിസ്ഥാനത്തിലാകണം
സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന, എയിഡഡ് സ്കൂളുകളിലേയും കോളേജൂളിലേയും നിയമനങ്ങള്‍ സുതാര്യമാകണം. ജീവനക്കാരേയും അധ്യാപകരേയും നിയമിക്കുമ്പോള്‍ ആ നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയാകണം. മാനേജ്മെന്റുകളുടെ സഹകരണത്തോടെ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എയിഡഡ് നിയമന ബോര്‍ഡ് തയാറാകണം. അത് പ്രാബല്യത്തില്‍ വരുന്നതുവരെ നിയമനവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളുടെ വീഡിയോ പകര്‍ത്തേണ്ടതാണ്. പരാതി പരിഹാരത്തിന് വിരമിച്ച ഹൈക്കോടതിയെ ജഡ്ജ് ഒംമ്പുഡ്സ്മാനായി നിയമിക്കണം.
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തെപ്പോലെത്തന്നെ സര്‍ക്കാരിന് നടപ്പിലാക്കാന്‍ പ്രയാസമുള്ള നിര്‍ദ്ദശമാണ് എയിഡഡ് നിയമനം മെറിറ്റടിസ്ഥാനത്തിലാക്കമെന്നത്. ഒന്നാമത്തെ കാര്യത്തില്‍ യുവജന സംഘടനകളുടെ എതിര്‍പ്പാണ് പ്രശ്നമെങ്കില്‍ രണ്ടാമത്തേതില്‍ മാനേജ്മെന്റുകളുടേയും സാമുദായിക സംഘടനകളുടെയും എതിര്‍പ്പാണ് സര്‍ക്കാരിന് നേരിടേണ്ടി വരിക. അതേസമയം എയിഡഡ് നിയമനത്തില്‍ സംവരണവും സുതാര്യതയും ഉറപ്പുവരുത്തണമെന്നത് ദളിത് സംഘടനകളും പൊതു വിദ്യാഭ്യാസപ്രവര്‍ത്തകരും ഏറെ നാളായി ഉയര്‍ത്തുന്ന ആവശ്യമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക