കൊച്ചി: കൊല്ലം ജില്ലയും എറണാകുളം ജില്ലയും ഒരു ദമ്പതികളുടെ കയ്യിലാണ്. ജാഫര്‍ മാലിക്കും അഫ്‌സാന പര്‍വീണുമാണ് ആ ദമ്പതികള്‍. ജാഫര്‍ എറണാകുളം ജില്ലാ കളക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ അഫ്‌സാന പര്‍വീണ്‍ കൊല്ലം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കാനിരിക്കുകയാണ് അങ്ങനെയാണ് ഇരുജില്ലകളുടെയും തലപ്പത്ത് ഭാര്യയും ഭര്‍ത്താവുമെത്തുന്നത്.
അഫ്‌സാന എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ആയിരുന്ന ജാഫറിന് എറണാകുളം ജില്ലാ കളക്ടറായി നിയമനം ലഭിച്ചപ്പോള്‍ സ്മാര്‍ട്ട് മിഷന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും ചുമതല അഫ്‌സാനയ്ക്കായി. കഴിഞ്ഞ ദിവസമാണ് അഫ്സാനയ്ക്ക് കൊല്ലം ജില്ലാ കളക്ടറായി നിയമനം ലഭിച്ചത്. ജില്ലാ കളക്ടറായിരുന്ന അബ്ദുല്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറായി നിയമിച്ചതോടെയാണ് അഫ്സാന കൊല്ലത്തേക്ക് എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്സാന കൊല്ലം ജില്ലാ കളക്ടറാവുന്നതോടെ പതിനാല് ജില്ലകളില്‍ ഒന്‍പതു ജില്ലകളുടെ തലപ്പത്തും വനിതകളാവും. ചരിത്രത്തിലാദ്യമായാണ് ജില്ലകളുടെ അധികാരികളായി ഇത്രയധികം വനിതകളെത്തുന്നത്. തിരുവനന്തപുരം, കാസര്‍ഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വനിതാ കളക്ടര്‍മാരുളളത്.
തിരുവനന്തപുരം ഡോ. നവജ്യോത് ഖോസ, കൊല്ലം അഫ്‌സാന പര്‍വീണ്‍, പത്തനംതിട്ട ഡോ. ദിവ്യ എസ് അയ്യര്‍, കോട്ടയം ഡോ. പി കെ ജയശ്രീ, ഇടുക്കി ഷീബാ ജോര്‍ജ്ജ്, തൃശൂര്‍ ഹരിതാ വി കുമാര്‍, പാലക്കാട് മൃണ്‍മയി ജോഷി, വയനാട് എ ഗീത, കാസര്‍ഗോഡ് ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ് എന്നിങ്ങനെയാണ് കേരളത്തിലെ വനിതാ കളക്ടര്‍മാര്‍.