തിരുവനന്തപുരം: വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചുവീട്ടില്‍ കയറുന്നതുവരെ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയാണ് സ്ത്രീകളെക്കൂടി പരിഗണിക്കുന്ന ഒരു സമൂഹം ആദ്യം ചെയ്യേണ്ടത്. അതിന് തെരുവുകള്‍, തെരുവുകളില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്നിവ സ്ത്രീകളുടേത് കൂടിയായിത്തീരണം. അതിലേക്കുള്ള വലിയൊരു കാല്‍വെപ്പാണ് വഴിയോരങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമകേന്ദ്രങ്ങളും, പൊതു ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും ഒരുക്കുക എന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക്'. വഴിയാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 100 ബാത്ത്‌റൂമുകളും ടോയ്‌ലറ്റുകളും ഉള്‍പ്പെട്ട സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണമന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍ സെപ്തംബര്‍ 7-ന് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ബാത്ത്‌റൂം സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവമാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക് ‘. ബാത്ത്‌റൂം, വിശ്രമകേന്ദ്ര സമുച്ചയങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒന്നാം ഘട്ടത്തില്‍ 100 ബാത്ത്‌റൂം, വിശ്രമകേന്ദ്ര സമുച്ചയങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. 524 ബാത്ത്‌റൂം, വിശ്രമകേന്ദ്ര സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും നടത്തിപ്പ് ചുമതല. തിരുവനന്തപുരം 13, കൊല്ലം 13, പത്തനംതിട്ട 14, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 1, എറണാകുളം 19, തൃശ്ശൂര്‍ 4, പാലക്കാട് 1, കോഴിക്കോട് 2, കണ്ണൂര്‍ 4, കാസര്‍കോട് 10 എന്നിങ്ങനെയാണ് ടേക് എ ബ്രേക്ക് ശുചിമുറി, വിശ്രമ കേന്ദ്ര സമുച്ചയങ്ങളുടെ ജില്ല തിരിച്ചുള്ള വിവരം. അടുത്തഘട്ടത്തില്‍ ഇത്തരത്തില്‍ കൂടുതല്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള തീരുമാനവും പദ്ധതിയിലുണ്ട്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന 524 സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിലൂടെ പൊതുയിടങ്ങളില്‍ വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും സ്ഥലമില്ലാതെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.