തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ സിലബസില്‍ കയറിക്കൂടുന്നത് അപകടം തന്നെയാണെന്നും ഇത് സംബന്ധിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയതായും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വിസിയുടെ മറുപടി ലഭിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അധ്യയനം ആരംഭിക്കാത്തതിനാല്‍ അടിയന്തിരമായി സിലബസ് മരവിപ്പിക്കേണ്ട കാര്യമില്ല. വിശദീകരണം ലഭിക്കുന്നതിനനുസരിച്ച് എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ 'രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ പ്രത്യയശാസ്ത്രകാരന്മാരുടെേതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതുതായി ആരംഭിക്കുന്ന എം എ ഗവര്‍ണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ സിലബസിലാണ് ഗാന്ധി, നെഹ്‌റു, അംബേദ്‌കര്‍, അരബിന്ദോ ഘോഷ് എന്നിവരുടെ പുസ്തകങ്ങള്‍ക്കൊപ്പം ആര്‍ എസ് എസ് സൈദ്ധാന്തികരായ വി ഡി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീനദയാല്‍ ഉപാദ്ധ്യായ, ബല്‍രാജ് മധോക്ക് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണവും ശക്തമാണ്. ഇത് ആര്‍ എസ് എസ്സിനും സംഘപരിവാര്‍ ഫാഷിസ്റ്റ് അജണ്ടകള്‍ക്കും ചുവപ്പു പരവതാനി വിരിച്ചുകൊടുക്കലാണ് എന്നാരോപിച്ചുകൊണ്ട് അധ്യപരും വിദ്യാര്‍ത്ഥികളും യുവജന, വിദ്യാര്‍ത്ഥി സംഘടനകളും ഇതിനകം രംഗത്തുവന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ, പ്രതിഷേധം ഭയന്ന് പിജി സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഗോള്‍വാക്കറെക്കുറിച്ചും, സവര്‍ക്കറെക്കുറിച്ചും വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകങ്ങള്‍ വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും വൈസ് ചാൻസിലർ പറഞ്ഞു. കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ സിലബസ് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മിറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി അത് വായിച്ചത്. അതോടൊപ്പം, ഇന്നത്തെ ബി ജെ പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും വേണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നും കണ്ണൂര്‍ വൈസ് ചാൻസിലർ കൂട്ടിച്ചേര്‍ത്തു.