അഹമ്മദാബാദ്: അടുത്തവര്‍ഷം (2022) നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വിജയ് രൂപാണി സ്വയം രാജി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 2014 ല്‍ മുഖ്യമന്ത്രിയായ ആനന്ദി ബെന്‍ പട്ടേലിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന വിജയ് രൂപാണി 2016 ല്‍ ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തകര്‍ പദവിമാറുന്നത് ബിജെപിയില്‍ പതിവാണ് എന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞ വിജയ് രൂപാണി തന്നെ ബിജെപി രാജിവെപ്പിച്ചതാണ് എന്ന് പരോക്ഷമായി സമ്മതിച്ചു. ബിജെപിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തുടര്‍ന്നും തന്നില്‍ ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിറവേറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി നേതൃത്വത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയെ മാറ്റിയത് എന്നാണു വിലയിരുത്തല്‍.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി ഭരണ വിരുദ്ധ വികാരത്തെ ഭയപ്പെടുന്നുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ പുത്തനുണര്‍വ്വ് ഉണ്ടാക്കാനും വീണ്ടും ഭരണം പിടിക്കാനുമാണ് തിരക്കിട്ട് മുഖ്യമന്ത്രിയെ മാറ്റിയത്. അടുത്ത മുഖ്യമന്ത്രി ആരാണ് എന്ന് ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഗുജറാത്തില്‍ ബിജെപി വിരുദ്ധ വികാരം വളര്‍ന്നുവരുന്നതായും ഇത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മുതലെടുക്കുമെന്നും ബിജെപി വിലയിരുത്തുണ്ട്. ഇതിനെ മറികടക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ മാറ്റിയത് എന്നാണ് വിലയിരുത്തല്‍. സുരക്ഷാ കാരണങ്ങളാല്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.