പൂനെ: ഭൌതിക ശാസ്ത്രത്തില്‍ മലയാളിയുടെ നൊബേല്‍ പ്രതീക്ഷയായിരുന്ന ലോക പ്രശസ്ത ശാത്രജ്ഞന്‍ പ്രൊഫസര്‍ താണു പത്മനാഭന്‍ അന്തരിച്ചു. പുനയിലെ വസതിയില്‍ ഹൃദയ സ്തംഭനം മൂലമായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ താണു പത്മനാഭനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിട്ടുള്ള താണു പത്മനാഭന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും വലിയ ശാസ്ത്ര ബഹുമതിയായ കേരളാ ശാസ്ത്ര പുരസ്കാരം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും (1979) നേടിയ താണു പത്മനാഭന്‍ മുംബൈ ടി ഐ എഫ് ആറില്‍ നിന്നാണ് പി എച്ച് ഡി (1983) നേടിയത്. 1992 ല്‍ പൂനെ ഇന്‍റര്‍ യുണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സില്‍ ഫാക്കല്‍റ്റിയായിരുന്നു. ലണ്ടന്‍ ഇമ്പീരിയല്‍ കോളേജ്, കേംബ്രിഡ്ജ് യുണിവേഴ്സിറ്റി, കാള്‍ടെക്. പ്രിന്‍സ്ട്ടന്‍ യുണിവേഴ്സിറ്റി, ന്യൂ കാസില്‍ യുണിവേഴ്സിറ്റി, സ്വിറ്റ്സര്‍ലന്‍ഡിലെ സേണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവിടങ്ങളില്‍ വിസിംഗ് പ്രൊഫസറാണ്.
ഗണിതശാസ്തകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന താണു അയ്യരാണ് പിതാവ്. അമ്മ ലക്ഷ്മി, 1957- മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് ജനിച്ച താണു പത്മനാഭന്‍ തന്റെ 20-ാം വയസ്സിലാണ് ആദ്യ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെയായിരുന്നു ആദ്യപ്രബന്ധം. പിന്നീട് 300 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്‍റെതായി പുറത്തുവന്നിട്ടുണ്ട്. തിയററ്റിക്കല്‍ ഫിസിസിസ്റ്റ് എന്ന നിലയില്‍ ലോക പ്രശസ്തനായിത്തീര്‍ന്ന താണു പത്മനാഭന്‍റെ പ്രധാന സംഭാവന സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ വികസിപ്പിച്ചുവന്നതാണ് അക്കാദമിക വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. 1984-ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി പുരസ്കാരം നേടിയ താണു പത്മനാഭനെ തേടി പിന്നീട് 15 ലധികം അന്താരാഷ്‌ട്ര തല അംഗീകാരങ്ങള്‍ എത്തി. അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൌണ്ടേഷന്‍റെ അംഗീകാരം 9 തവണ ലഭിച്ചിട്ടുണ്ട്.
പ്രൊഫസര്‍ താണു പത്മനാഭന്‍റെതായി ഇതുവരെ 13 പുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രാവിറ്റേഷന്‍: ഫൌണ്ടേഷന്‍സ് ആന്‍ഡ് ഫ്രോന്‍ഡിയേഴ്സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്ട്രോ ഫിസിക്സ്, തിയററ്റിക്കല്‍ ആസ്ട്രോ ഫിസിക്സ്, കൊസ്മോളജി ആന്‍ഡ് ആസ്ട്രോ ഫിസിക്സ് ത്രൂ പ്രോബ്ലംസ്, തിയററ്റിക്കല്‍ ആസ്ട്രോ ഫിസിക്സ് (3 വോള്യങ്ങള്‍), സ്ട്രെക്ച്ചര്‍ ഫോര്‍മേഷന്‍ ഇന്‍ ദി യുനിവേഴ്സ്, ക്വാണ്ടം തീംസ്: ദി ചാംസ് ഓഫ് മൈക്രോവേള്‍ഡ്, ആഫ്റ്റര്‍ ദി ഫസ്റ്റ് ത്രീ മിനുട്സ് - ദി സ്റ്റോറി ഓഫ് അവര്‍ യുനിവേഴ്സ്, സ്ലീപിംഗ് ബ്യൂട്ടീസ് ഇന്‍ തിയററ്റിക്കല്‍ ഫിസിക്സ്, ക്വാണ്ടം ഫീല്‍ഡ് തിയറീസ്, ദി ഡോണ്‍ ഓഫ് സയന്‍സ്: ഗ്ലിംസസ് ഫ്രം ഹിസ്റ്ററി ഫോര്‍ ദി ക്യൂരിയസ് മൈന്‍ഡ് എന്നിവയാണ് അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍. ഇതിനു പുറമേ നിരവധി പ്രബന്ധങ്ങളും പ്രൊഫസര്‍ താണു പത്മനാഭന്‍റെതായി അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അസ്ടോ ഫിസിസിസ്റ്റായ പ്രൊഫസര്‍ വാസന്തി പത്മനാഭനാണ് ഭാര്യ, ഏക മകള്‍ ഹംസ പത്മനാഭന്‍. പ്രൊഫസര്‍ താണു പത്മനാഭന്‍റെ സംസ്കാരം ഇന്ന് പൂനെയില്‍.