കോഴിക്കോട്: താമരശ്ശേരി രൂപതക്ക് കീഴില്‍ പുറത്തിറക്കിയ പുസ്തകത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം. മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ ഇക്കാര്യം അറിയിച്ചത്. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു. കൊടുവള്ളി എം എല്‍ എ എം. കെ. മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം സംഘടനാ നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലാണ് അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ ഉൾക്കൊള്ളിച്ചിരുന്നത്. 'ലൗ ജിഹാദ്' എന്ന പ്രണയക്കെണി ഒന്‍പത് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും പുസ്തകം നല്‍കുന്നുണ്ട്.
പ്രത്യക്ഷത്തില്‍ പ്രണയ വിവാഹം എന്നുതോന്നിക്കുമെങ്കിലും പ്രണയത്തെ ആയുധമാക്കി ഇസ്ലാമിനെ വളര്‍ത്തുന്ന രീതിയാണ് ലൗ ജിഹാദെന്നും, ലൗ ജിഹാദിന്‍റെ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതന്മാര്‍ വഴി കൈവിഷം നല്‍കുന്നുവെന്നുമെല്ലാം പുസ്തകത്തില്‍ ഉണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൈപ്പുസ്തകം വിവാദമായതോടെ താമരശ്ശേരി രൂപത കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. മറിച്ച് കൃസ്ത്യന്‍ യുവാക്കളെ വിശ്വാസത്തിൽ നിർത്തുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും രൂപത പറഞ്ഞിരുന്നു.