തിരുവനന്തപുരം: അവശരും രോഗികളും മുതിര്‍ന്ന പൌരരും സര്‍ക്കാര്‍ സേവനം ലഭിക്കുന്നതിനായി ഇനി ഓഫീസുകള്‍ക്ക് മുന്‍പില്‍ കാത്തുകെട്ടി കിടക്കേണ്ടി വരില്ല. അവരെത്തേടി ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തും. സേവനം വീട്ടുപടിക്കലെത്തുന്ന വാതില്‍പ്പടി സേവന പദ്ധതി ഡിസംബറില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുടക്കത്തില്‍ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
ഗുണഭോക്താക്കള്‍ക്ക് ഒരു കാര്‍ഡ് നല്‍കും. ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തക, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പേരും ഫോണ്‍ നമ്പരുമുണ്ടാവും. സേവനം ആവശ്യമായി വരുമ്പോള്‍ ഇവരെ ഫോണില്‍ വിളിച്ച് സഹായം തേടാം. ഡിസംബറില്‍ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പരിശീലനം നല്‍കും. ഇതിനായി സമഗ്ര പരിശീലന പരിപാടി തയ്യാറാക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാരാണ് പദ്ധതിയുടെ നെടുംതൂണ്‍. പദ്ധതിയുടെ നടത്തിപ്പില്‍ സുപ്രധാന ഇടപെടല്‍ നടത്തേണ്ടതും വഴികാട്ടിയാകേണ്ടതും അവരാണ്. ഒപ്പം അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിങ്ങനെ ജനങ്ങളുമായി അധികം ഇടപഴകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം പദ്ധതിയുടെ വിജയത്തിനായി സാധ്യമാക്കും.
ലഭ്യമാകുന്ന സേവനങ്ങള്‍
ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വാതില്‍പ്പടിയില്‍ ലഭിക്കുക. ക്രമേണ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കും. അഴീക്കോട്, പട്ടാമ്പി, കാട്ടാക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26-ഉം മറ്റു 24-ലും തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാകുന്നത്. എല്ലാ വീടുകളിലും കമ്പ്യൂട്ടര്‍, ലാപ്ടോപ്, സ്മാര്‍ട്ട് ഫോണ്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ആയാസരഹിതമായി വീടുകളില്‍ ലഭിക്കുന്ന സ്ഥിതി സംജാതമാകും.