കൊച്ചി: ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാനായുള്ള തെരച്ചില്‍ ഒടുവില്‍ കൊച്ചിയിലെ മരടില്‍ അവസാനിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍ തന്റെ ടിക്കറ്റുമായി കാനറ ബാങ്ക് മരട് ശാഖയില്‍ എത്തിയതോടെയാണ് ഇതുസംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായത്. ടിക്കറ്റ് സ്വീകരിച്ച ശേഷം ബാങ്ക് നല്‍കിയ രസീതി ജയപാലന്‍ മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. 12 കോടി രൂപയാണ് സമ്മാത്തുക.
ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് യതാര്‍ത്ഥ ഭാഗ്യവാന്‍ അപ്രതീക്ഷിതമായി ഇന്ന് ബാങ്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെയെടുത്ത ടിക്കറ്റില്‍ നിന്ന് ലഭിച്ച 5000 രൂപ ഉപയോഗിച്ചാണ് താന്‍ ഓണം ബമ്പര്‍ ടിക്കറ്റ് എടുത്തത് എന്ന് ജയപാലന്‍ പറഞ്ഞു. ഫാന്‍സി നമ്പര്‍ ആയി തോന്നിയതിനാലാണ് ഇപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് താന്‍ എടുത്തത് എന്നും ജയപാലന്‍ പറഞ്ഞു. തങ്ങള്‍ വിട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്നവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സി രംഗത്തുവന്നിരുന്നു. അവകാശവാദമുന്നയിച്ച മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് താന്‍ ലോട്ടറിയെടുത്തതെന്ന് ജയപാലന്‍ സ്ഥിരീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ തനിക്കാണ് ലോട്ടറിയടിച്ചത് എന്നവകശാപ്പെട്ടുകൊണ്ട് വയനാട് സ്വദേശിയായ പ്രവാസി രംഗത്തെത്തിയിരുന്നു. ദുബായില്‍ കഫട്ടീരിയയില്‍ ജോലി ചെയ്യുന്ന സൈയ്തലവിയാണ് കോഴിക്കോട്ടു നിന്നെടുത്ത ടിക്കറ്റില്‍ തനിക്കാണ് സമ്മാനം അടിച്ചത് എന്ന് വിശ്വസിച്ച് രംഗത്തുവന്നത്. സുഹൃത്ത് വഴി കോഴിക്കോട്ടു നിന്നും എടുത്ത ടിക്കറ്റിലാണ് സമ്മാനം എന്നും സുഹൃത്ത് ടിക്കറ്റ് ഉടന്‍ നാട്ടിലുള്ള വീട്ടുകാര്‍ക്ക് കൈമാറുമെന്നുമായിരുന്നു സൈയ്തലവി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.