തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡീഷ ആന്ധ്ര തീരം വഴിയാണ് ഗുലാബ് വൈകുന്നേരത്തോടെ കരയിലെത്തുക. ഒഡിഷയിലെ ഗോപാല്‍പുര്‍ തീരത്ത് നിന്നും നാനൂറ് കിലോമീറ്ററോളം അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും.
ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ച ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചിട്ടുണ്ട്. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരില്ലെങ്കിലും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. എന്നാല്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പരിധിയില്‍ കേരളം വരില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് (26-09-2021) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28-09-2021 ചൊവ്വാഴ്ചവരെ കേരളത്തില്‍ മഴക്ക് സാധ്യതയുള്ളതായി കലാവാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഞ്ഞ (യെല്ലോ) അലര്‍ട്ട്, തിങ്കള്‍ ( 27-09-2021): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.
മഞ്ഞ (യെല്ലോ) അലര്‍ട്ട്, ചൊവ്വ (28-09-2021): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
മത്സ്യബന്ധനത്തിന് വിലക്ക്
ഈ രണ്ടുടിവസങ്ങളിലും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.