ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് നവ്ജ്യോത് സിംഗ് സിദ്ധു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി. ജൂലൈ 18-നാണ് അദ്ദേഹം പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയേറ്റത്. സത്യപ്രതിഞ്ജ ചെയ്ത് രണ്ടുമാസം തികയുംമുന്നേയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. 'പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ല. പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണ്. തുടര്‍ന്നും കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കും' എന്ന് സോണിയാ ഗാന്ധിയ്ക്കെഴുതിയ കത്തില്‍ സിദ്ധു വ്യക്തമാക്കി.
നവ്ജ്യോത് സിംഗ് സിദ്ധു പഞ്ചാബ് പിസിസി അധ്യക്ഷ പദവിയേറ്റെടുത്ത് രണ്ടുമാസം തികയുന്നതിനുമുന്പേ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. സിദ്ധുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അമരീന്ദര്‍സിംഗ് പദവി ഒഴിഞ്ഞത്. സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും, പാര്‍ട്ടിയിലെ പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് നവജ്യോത് സിംഗ് സിദ്ദുവിനെ ഹൈക്കമാന്റ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്ന്നെക്കുമെന്നും ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിനിടയിലാണ് നവ്ജ്യോത് സിംഗ് സിദ്ധുവിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.