തൃശ്ശൂര്‍: ബിരുദദാനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കുന്ന വസ്ത്രത്തില്‍ മാറ്റം വരുത്തി കേരളാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി. കറുത്ത തൊപ്പിയും പാദം വരെയുളള കറുത്ത ഗൗണും ഇനിമുതല്‍ ഉണ്ടാവില്ല പകരം പെണ്‍കുട്ടികള്‍ കേരളാ സാരിയും ആണ്‍കുട്ടികള്‍ മുണ്ടും ജുബ്ബയും ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഒക്ടോബര്‍ അഞ്ചിന് സെനറ്റ് ഹാളില്‍ നടക്കുന്ന ബിരുദ ദാനച്ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുണ്ടും ജുബ്ബയും ധരിച്ചാവും എത്തുക. കേരളാ സാരിയുടുത്താവും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും ചടങ്ങില്‍ പങ്കെടുക്കുക.
ഇതാദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ബിരുദദാനച്ചടങ്ങ് നടത്താന്‍ പോകുന്നത്. ബിരുദദാനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കുന്ന കൊളോണിയല്‍ കാലത്തെ വസ്ത്രരീതികളില്‍ മാറ്റാം വരുത്താന്‍ 2019-ല്‍ യുജിസി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു സർവ്വകലാശാലയും നിർദേശം അംഗീകരിച്ചിരുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുണ്ടിനും സാരിക്കും പുറമേ കസവുവേഷ്ടിയും തോളില്‍ ധരിക്കണം. വേഷ്ടി സര്‍വ്വകലാശാല വാങ്ങി നല്‍കും മറ്റ് വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം വാങ്ങണം. ആണ്‍കുട്ടികള്‍ വെളളയോ ഇളം മഞ്ഞ കലര്‍ന്ന ഷര്‍ട്ടാണ് ധരിക്കേണ്ടത്. പെണ്‍കുട്ടികള്‍ അതേനിറത്തിലുളള ബ്ലൗസും ധരിക്കണം.
കൊവിഡ് നിയന്ത്രണങ്ങളുളളതിനാല്‍ അമ്പത് കുട്ടികളെയാണ് ചടങ്ങില്‍ പങ്കെടുപ്പിക്കുക. അലോപ്പതി,ആയുര്‍വ്വേദം, ഹോമിയോ, നഴ്‌സിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 1500 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഇത്തണ പുറത്തിറങ്ങുന്നത്.