ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ച് സംസ്ഥാനം വിട്ട സബ് കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തു. അനുപം മിശ്രക്കെതിരെ നടപടിക്ക് കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ് കലക്ടറുടെ നടപടി ചട്ടലംഘനമാണെന്നും ഇദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നിരീക്ഷണ നിർദ്ദേശം ലംഘിച്ചതിന് സബ് കലക്ടര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പാണ് സബ് കളക്ടർക്കെതിരെ പരാതി നൽകിയത്. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് ഇയാൾ മടങ്ങി എത്തിയത്. മധുവിധുവിനായാണ് അനുപം മിശ്ര വിദേശത്തേക്ക് പോയത്. ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ാം തീയതിയാണ് കലക്ടര്‍ നിര്‍ദേശിച്ചത്. വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികള്‍ അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കലക്ടര്‍ മുങ്ങിയതറിയുന്നത്. സബ്കല്കടറുടെ ഗണ്‍മാനും ഡ്രൈവറും വീടുകളില്‍ നിരീക്ഷണത്തിലാണ്. അനുപം മിശ്ര നാടുവിട്ടത് ഇവരുടെ അറവോടെയാണെങ്കിൽ വകുപ്പ് തല നടപടിയുണ്ടാകും.