തിരുവനന്തപുരം: കളളപ്പണം വെളിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വീട്ടിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ ബംഗളൂരു അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിനീഷിനെ സ്വീകരിക്കാന്‍ പൂമാലയും പൂച്ചെണ്ടുമായി തിരുവനന്തപുരം വിമാനത്താവളത്തിനുമുന്നില്‍ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നിരവധിപേരാണ് തടിച്ചുകൂടിയത്. വൈകിയാണെങ്കിലും തനിക്ക് നീതി ലഭിച്ചതില്‍ കോടതിയോട് നന്ദി പറയുന്നു. സത്യമെന്നത് ഒരുപാട് കാലം മൂടിവയ്ക്കാനാവാത്തതാണ്. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതുമൂലം സംഭവിച്ചതാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് വിശദീകരിച്ച് പറയാം എന്നാണ് ബിനീഷ് കോടിയേരി പറഞ്ഞത്.
മരുതംകുഴിയിലെ വീട്ടിലെത്തിയ ബിനീഷിനെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒരു വര്‍ഷത്തിനുശേഷം മകനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേസ് കോടതിയിലുളളതിനാല് ബാക്കി കാര്യങ്ങളില്‍ പ്രതികരിക്കാനില്ല. മകന് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറിയായി തിരിച്ചുവരുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുത്. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.