ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ നിരോധനം ഇന്ത്യ നീട്ടി. ഏപ്രില്‍ 14 വരെയാണ് ആഭ്യന്തര സർവ്വീസുകളുടെ വിലക്ക് തുടരുക. നേരത്തെ മാര്‍ച്ച് 31 വരെയാണ് ആഭ്യന്തര വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് സർവ്വീസുകൾ നിർത്തിയത്. കാർഗോ വിമാനങ്ങളെയും അവശ്യസർവ്വീസുകളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊറോണ ബാധിതരായവർ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് സർവ്വീസുകൾ നിർത്തിവെച്ചത്. സ്വകാര്യ വിമാന കമ്പനികൾക്ക് ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര സർവ്വീസ് നടത്തുന്ന 650 ഓളം വിമാനങ്ങളാണ് തിങ്കളാഴ്ച മുതൽ നിശ്ചലമായത്. സർവ്വീസ് നിർത്തിവെക്കുമ്പോൾ വിമാനങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവൃത്തികളിലേക്ക് കടക്കണമെന്നും നിർദ്ദേശമുണ്ട്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾളുടെ നിരോധനം ഇന്ത്യ ഏപ്രിൽ 14 വരെ നീട്ടിയിരുന്നു. മാർച്ച് 31 വരെയുള്ള നിരോധനമാണ് ഏപ്രിൽ 14 വരെ നീട്ടിയത്. വ്യോമയാന മന്ത്രാലയമാണ് നിരോധനം നീട്ടിയത്.