കൊറോണ വൈറസ് മൂലം മരണമടഞ്ഞയാളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു . കേരളത്തിൽ ആദ്യ കൊവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കോട്ടയത്ത് 88 വയസും 96 വയസുമുള്ള രണ്ടുപേര്‍ ഇപ്പോഴും ചിക്സയിലാണ്. ഇവരുടെ കൂടെ അഡ്‌മിറ്റായ പലരും നെഗറ്റീവായെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കേരളത്തിലെ ആദ്യ കൊവിഡ്-19 മരണം റിപ്പോർട്ട് ചെയ്തത്. 69 കാരനായ കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേട്ടാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. ഫെബ്രുവരി 16-നാണ് ഇയാൾ ദുബായിൽ നിന്നും കേരളത്തിൽ എത്തിയത്. സേട്ടും ഭാര്യയും വിമാനത്താവളത്തിൽ നിന്ന് ഇയാൾ കയറിയ ഓൺലൈൻ ടാക്സി ഡ്രൈവറും രോഗ ബാധിതരാണ്. താമസിച്ചിരുന്ന ഫ്ലാറ്റിലെ 44 പേർ നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിമാനത്തിലെ യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാർച്ച് 22-നാണ് ഇയാളെ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബൈപ്പാസ് സർജറിക്ക് ഇയാൾ നേരത്തെ വിധേയനായിരുന്നു. ന്യൂമോണിയയും ഉയർന്ന രക്തസമ്മർദ്ദവും ഇയാൾക്കുണ്ടായിരുന്നു.