കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണം. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ദൂരദര്‍ശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചയാളാണ് പീര്‍ മുഹമ്മദ്. ഒട്ടകങ്ങള്‍ വരി വരി വരിയായ് കാരയ്ക്ക മരങ്ങള്‍ നിര നിര നിരയായ്, കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടുവന്നാട്ടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പീര്‍ മുഹമ്മദിന്റേ ശബ്ദത്തില്‍ പിറന്നതാണ്. മാപ്പിളപ്പാട്ടുകള്‍ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് പീര്‍ മുഹമ്മദ്.
തേന്‍തുളളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. അസീസ് അഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായി തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് പീര്‍ മുഹമ്മദ് ജനിച്ചത്. ചെറുപ്രായത്തില്‍തന്നെ പിതാവിനൊപ്പം തലശേരിയിലേക്ക് താമസം മാറിയ പീര്‍ മുഹമ്മദ് ഏഴാം വയസില്‍ 'ജനതാ സംഗീത സഭ'യിലൂടെയാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തെത്തുന്നത്. 1957-90 കളില്‍ എച്ച് എംവിയിലെ ആര്‍ട്ടിസ്റ്റായിരുന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം പാടിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനായിരത്തോളം പാട്ടുകള്‍ അദ്ദേഹത്തിന്റേതായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പൂങ്കുയിലിനെ കണ്ഠനാളത്തില്‍ ഒളിപ്പിച്ച വ്യക്തി എന്നാണ് വൈലോപ്പിളളി ശ്രീധരമേനോന്‍ പീര്‍ മുഹമ്മദിനെ വിശേഷിപ്പിച്ചത്. കേരളാ ലോക്‌ഫോര്‍ അക്കാദമി അവാര്‍ഡ്, എ വി മുഹമ്മദ് അവാര്‍ഡ്, ആള്‍ കേരളാ മാപ്പിള സംഗീത അക്കാദമി അവാര്‍ഡ്, കേരള മാപ്പിള കല അക്കാദമി അവാര്‍ഡ്, ദുബായ് മലബാര്‍ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.