പാലക്കാട്: ആദിവാസി കോളനിയിലെ എസ് ടി പ്രേമോട്ടറെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കോളനികളിലുള്ളവര്‍ക്ക് മഴക്കെടുതി കിറ്റ് പാര്‍ട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ് ടി പ്രമോട്ടറായ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പരാതിക്കാരനെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയതിന്‍റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജോലി നല്‍കിയത് പാര്‍ട്ടി ആണെന്നും പാര്‍ട്ടി അറിയാതെ പരിപാടി നടത്തിയാല്‍ പണി കളയുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടി അറിയാതെ പരിപാടി നടത്തിയാല്‍ ജോലി ഇല്ലാതാക്കും. എസ് ടി പ്രേമോട്ടറെന്ന ജോലി ലഭിച്ചത് പാര്‍ട്ടി വഴിയാണെന്ന് ഓര്‍ക്കണം. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എതിര്‍ പാര്‍ട്ടിക്കാരും ഉണ്ടാവില്ലെന്ന് ഓര്‍ക്കണമെന്നാണ് സജിത്ത് ഭീഷണിപ്പെടുത്തിയത്. താനും പാര്‍ട്ടി അംഗമാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചാണ് കിറ്റ് വിതരണം ചെയ്തതെന്നും മണികണ്ഠന്‍ പറഞ്ഞു. സജിത്ത് ഭീഷണിപ്പെടുത്തിയതിനെതിരെ സിപിഎമ്മിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന് നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ഈ അടുത്ത് നടന്ന ലോക്കല്‍ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ സെക്രട്ടറിയാണ് സജിത്ത്.