തിരുവനന്തപുരം: മജിഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രൊഫഷനല്‍ മാജിക്ക് ഷോകള്‍ നിര്‍ത്തുന്നു. ഇനി മുതല്‍ പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകള്‍ ഉണ്ടായിരിക്കില്ല. ഒരു മാജിക്ക് ഷോ അതിന്‍റെ പൂര്‍ണതയില്‍ എത്തിക്കണമെങ്കില്‍ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജീവിക്കുക എന്ന തന്റെ ലക്ഷ്യത്തിനത് തടസ്സമായിത്തീരും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമി തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും മുതുകാട് പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ സമയവും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി സ്പോർട്സ് കോംപ്ലക്സ്, സ്കിൽ സെന്‍റര്‍ ഒക്കെയാണ് തന്‍റെ സ്വപ്നമെന്നും മുതുകാട് പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജീവിക്കാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലൂടെ ഞാന്‍ ചെയ്ത മാജിക്കിനെക്കാള്‍ വലിയ അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കും. പുതിയ മാജിക്കുകള്‍ ചെയ്യില്ലന്നല്ല പറയുന്നത്. ഒരു സംഘമായി ചേര്‍ന്ന് പ്രതിഫലം വാങ്ങിയുള്ള ഷോകള്‍ നിര്‍ത്തുകയാണ്. എന്നാല്‍ മാജിക്ക് അക്കാദമി തുടരുമെന്നും മുതുകാട് വ്യക്തമാക്കി. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികള്‍ മൂന്നു ലക്ഷത്തിലധികമുണ്ടെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ആ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആര്‍ട്ടിലൂടെ എന്തു ചെയ്യാന്‍ സാധിക്കും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മുതുകാട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താന്‍ ഏഴമത്തെ വയസിലാണ് മാജിക്ക് പഠിക്കുന്നതെന്നും പത്താമത്തെ വയസിലാണ് ആദ്യത്തെ സ്റ്റേജ് ഷോ നടത്തിയെന്നും മുതുകാട് പറഞ്ഞു. ഇത്രയും കാലം വിവിധ ഇടങ്ങളില്‍ പ്രതിഫലം വാങ്ങി ഷോകള്‍ നടത്തിയിട്ടുണ്ട്. എന്നാലിപ്പോള്‍ പ്രൊഫഷണല്‍ മാജിക്കില്‍ നിന്നും മാറി നില്‍ക്കേണ്ട സമയമായിരിക്കുന്നു- പ്രൊഫ. മുതുകാട് കൂട്ടിച്ചേര്‍ത്തു.