ബംഗളൂരു: മീ ടൂ ആരോപണക്കേസില്‍ നടന്‍ അര്‍ജുന്‍ സര്‍ജ്ജക്ക് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ്. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി കര്‍ണാടക പൊലീസ് അറിയിച്ചു. തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ സര്‍ജ്ജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടി ശ്രുതി ഹരിഹരനാണ് അര്‍ജുനെതിരെ മീ ടൂ ആരോപണമുന്നയിച്ചത്.
2018 ഒക്ടോബറിലാണ് ശ്രുതി ഹരിഹരന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അര്‍ജുനെതിരെ മീ ടൂ ആരോപണമുന്നയിച്ചത്. നിബുണന്‍ എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ മോശമായി പെരുമാറി എന്നാണ് ശ്രുതി ആരോപിച്ചത്. റിഹേഴ്‌സല്‍ ചെയ്യുന്ന സമയത്ത് അര്‍ജുന്‍ തന്നെ കെട്ടിപ്പിടിക്കുകയും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്‌തെന്നാണ് ശ്രുതിയുടെ ആരോപണം. ബംഗളുരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കേസ് അന്വേഷിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിബുണനില്‍ അര്‍ജുന്റെ ഭാര്യയായാണ് ശ്രുതി വേഷമിട്ടത്. ശ്രുതിയുടെ ആരോപണം തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ വലിയ ചര്‍ച്ചയായിരുന്നു. അര്‍ജ്ജുനെതിരെ ആരോപണമുയര്‍ന്നതിനുപിന്നാലെ കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. അന്നുതന്നെ ശ്രുതിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാരോപിച്ച് അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. ശ്രുതിക്കെതിരെ അര്‍ജുന്‍ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.