തിരുവനന്തപുരം: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് വിവാദമായ പ്രസംഗത്തില്‍ വിശദീകരണവുമായി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. ഒന്നര മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തിലെ ഒന്നോ രണ്ടോ വാക്യങ്ങളെ വളച്ചൊടിച്ചാണ് ട്രോളുകളും വിവാദങ്ങളും നടക്കുന്നതെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കുദിശയിലേക്ക് നോക്കിയിരുന്ന് പഠിച്ചാല്‍ നേട്ടമുണ്ടാവുമെന്ന കണ്ടെത്തലിനുപിന്നാലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു കെട്ടിടം പൊളിച്ചുപണിതു എന്നായിരുന്നു അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞത്.
'സനാഥന ധര്‍മ്മത്തെക്കുറിച്ച് ക്ലാസെടുക്കുന്ന സന്യാസിമാര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുണ്ടായ സംഭവത്തെക്കുറിച്ച് പറയുന്നത്. ഹാര്‍വാര്‍ഡില്‍ കെട്ടിടം പൊളിച്ചതും അനുബന്ധ സംഭവങ്ങളുമെല്ലാം സന്യാസിമാര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. അതിന്റെ വീഡിയോ യൂട്യൂബിലുണ്ട്. അമേരിക്കക്കാരോടാണ് അവര്‍ സംസാരിക്കുന്നത്. സന്യാസിമാര്‍ കളളം പറയുമെന്ന് തോന്നുന്നില്ല. അതില്‍ തെറ്റുകളുണ്ടെങ്കില്‍ അവര്‍ തന്നെ തിരുത്തുമായിരുന്നു' അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. എണ്‍പത് വര്‍ഷം മുന്‍പ് രണ്ടാം ലോക മഹായുദ്ധകാലത്ത് ലോഡ് കെസ്റ്റര്‍ എന്നയാളാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നു. കെസ്റ്റേര്‍ഡ് ഹൗസ് എന്നറിയപ്പെടുന്ന കെട്ടിടം പൊളിച്ചതും പുനര്‍നിര്‍മ്മിച്ചതും കെസ്റ്റര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരം കാര്യങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. മഴ, വെളളപ്പൊക്കം, തൊഴിലില്ലായ്മ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ട്. ഹാര്‍വാര്‍ഡിലെ കെട്ടിടം പൊളിച്ചാലെന്താ, പൊളിച്ചില്ലെങ്കിലെന്താ, മലയാളി അവനവന്റെ പ്രശ്‌നമാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യേണ്ടത്- അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. അലക്‌സാണ്ടര്‍ ജേക്കബിന്റെ പരാമര്‍ശം വാര്‍ത്തയായതിനുപിന്നാലെ അഭിറാം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവമുണ്ടായതായി അറിയില്ലെന്നായിരുന്നു സര്‍വ്വകലാശാല അധികൃതരുടെ മറുപടി.