ഹൈദരാബാദ്: ഹെല്‍മറ്റ് ധരിച്ചില്ലെന്നാരോപിച്ച് മകള്‍ക്കുമുന്നില്‍ വെച്ച് പിതാവിന്റെ കരണത്തടിച്ച് എസ് ഐ. തെലങ്കാനയിലെ മഹ്ബൂബ ജില്ലയിലാണ് സംഭവം. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാനിറങ്ങിയ ആളെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാരന്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'എനിക്കെതിരെ നിങ്ങള്‍ക്ക് പിഴ ചുമത്താം എന്നാല്‍ എന്റെ കുട്ടിയുടെ മുന്നില്‍ വച്ച് മുഖത്തടിക്കാനുളള അധികാരം നിങ്ങള്‍ക്ക് ആരാണ് തന്നതെ'ന്നാണ് യുവാവ് ചോദിക്കുന്നത്.
ജനങ്ങള്‍ മാസ്‌കും ഹെല്‍മറ്റും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ എസ് ഐ മുനീറുളളയാണ് തെലങ്കാന സ്വദേശി ശ്രീനിവാസിന്റെ കരണത്തടിച്ചത്. ഹെല്‍മറ്റ് വയ്ക്കാതെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് യുവാവിനെ പിടിച്ചുനിര്‍ത്തിയത്. വഴക്കുപറഞ്ഞതിനുശേഷം പൊലീസുകാര്‍ ഇയാളുടെ ബൈക്കിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് എസ് ഐ കരണത്തടിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുറത്തുവന്ന വീഡിയോയില്‍ ശ്രീനിവാസും പൊലീസുകാരും തമ്മില്‍ തര്‍ക്കിക്കുന്നതു കണ്ട് പേടിച്ച് എട്ടുവയസുകാരിയായ മകള്‍ കരയുന്നുണ്ട്. നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ശ്രീനിവാസ് മകളോട് പറയുന്നതും കാണാം. എന്നാല്‍ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ല.