തൃശൂര്‍: മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ലിമിറ്റഡ് എഡിഷന് ഥാര്‍ ലേലത്തിന്. പരസ്യലേലത്തിന് വയ്ക്കാനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഡിസംബര്‍ പതിനെട്ടിന് വൈകീട്ട് മൂന്നുമണിയോടെയാവും വാഹനലേലം ആരംഭിക്കുകയെന്നും ഭക്തരില്‍ ആര്‍ക്കുവേണമെങ്കിലും ലേലത്തില്‍ പങ്കെടുക്കാമെന്നും ഭരണസമിതി അറിയിച്ചു. കാണിക്കയായി ലഭിച്ച ഥാര്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച്ച ക്ഷേത്ര ഭരണസമിതി യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് വാഹനം പരസ്യലേലത്തില്‍ നല്കാന് തീരുമാനമായത്. പതിനഞ്ച് ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുളളത്.
കാണിക്കയായി ലഭിക്കുന്ന വാഹനങ്ങള്‍ സാധാരണ ലേലത്തില്‍ വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഗുരുവായൂരപ്പന് ലഭിച്ച ഥാറിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുകയുളളു എന്നാണ് ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അറിയിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന് മോഡല്‍ ഥാര്‍ ഗുരുവായൂരില്‍ കാണിക്കയായി സമര്‍പ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ടറ്റ്സ് ഡവലപ്മെന്റ് ആര് വേലുസ്വാമിയാണ് മഹീന്ദ്ര ഥാര്‍ ദേവസ്വം ചെയര്മാന് കെ ബി മോഹന്‍ദാസിന് കൈമാറിയത്. വാഹനവിപണിയില്‍ തരംഗമാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന് ഥാര്‍. 2020 ഒ്കോബര് രണ്ടിനാണ് ഥാറിന്റെ ഏറ്റവും പുതിയ എഡിഷന് പുറത്തിറങ്ങിയത്. 2200 സിസി എഞ്ചിന് വാഹനത്തിന് 13 മുതല്‍ പതിനെട്ട് ലക്ഷം രൂപ വരെയാണ് വിപണിയിലെ വില.