അഹമ്മദാബാദ്: നഗരത്തിലെ മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലകള്‍ അടപ്പിച്ച അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. ആളുകള്‍ അവര്‍ക്കിഷ്ടമുളള ഭക്ഷണം കഴിക്കുന്നത് തടയാന്‍ നിങ്ങളാരാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ബൈരന്‍ വൈഷ്ണവാണ് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
'ഇവിടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമായി തോന്നുന്നത്. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ലെങ്കില്‍ അത് നിങ്ങളുടെ വീക്ഷണമാണ്. എന്നുകരുതി ഞാന്‍ പുറത്തുനിന്ന് എന്താണ് കഴിക്കേണ്ടതെന്നും കഴിക്കരുതാത്തതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക? ഞാന്‍ എനിക്ക് ഇഷ്ടമുളളത് കഴിക്കുന്നത് തടയാന്‍ നിങ്ങളാരാണ്' അദ്ദേഹം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാംസാഹാരം വില്‍പ്പനയ്ക്ക് വച്ചെന്നാരോപിച്ച് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ നഗരത്തിലെ ചില സ്റ്റാളുകള്‍ പൂട്ടിക്കുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശുചിത്വ നിയമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് സാധനങ്ങള്‍ പിടിച്ചെടുത്തതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും ഇല്ലായിരുന്നു എന്നുമാണ് വ്യാപാരികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.