കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ പ്രതി ചേര്‍ത്ത മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടിസ്. കൊച്ചി സി എം ജെ കോടതിയാണ് നോട്ടിസ് അയച്ചത്. ഈ മാസം പതിനഞ്ചിന് മുന്‍പ് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. സി ബി ഐയുടെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഇപ്പോൾ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണൻ, മണി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് സി ബി ഐ ഡിസംബര്‍ ആദ്യം അറസ്റ്റ് ചെയ്തത്.
2019-ലാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ യുവാക്കളെ വാഹനങ്ങളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 21-ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് കേസില്‍ സിപിഎം ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റിലായി. ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സിബി ഐക്ക് വിട്ടു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കി. 2020 ഡിസംബറില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. സി ബി ഐ അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.