ജയ്പൂര്‍: ബിജെപിയുടെ വ്യാജ ഹിന്ദുത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുളള മത്സരമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു ഹിന്ദുവാണ് എന്നാല്‍ ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ഒരു ഹിന്ദുവാണ്. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഹിന്ദുക്കള്‍ സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നാണ്. ഹിന്ദുത്വവാദിയായ ഗോഡ്‌സെ ഗാന്ധിജിയുടെ നേര്‍ക്ക് മൂന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കുകയായിരുന്നു. ഹിന്ദുത്വാവാദികള്‍ക്ക് അധികാരം മാത്രം മതി. അവര്‍ അധികാരത്തിനുവേണ്ടിയുളള അന്വേഷണത്തിലാണ്. അതിനുവേണ്ടി അവര്‍ എന്തും ചെയ്യും' രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, ആരെയും ഭയപ്പെടാത്തവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍. അധികാരത്തിലിരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണെന്നും ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദു രാജ് അല്ല ഹിന്ദുത്വ രാജ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജസ്ഥാനില്‍ നടന്ന മെഗാ റാലിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.