വഡോദര: നിര്‍ബന്ധിത മതം മാറ്റം നടത്തുന്നുവെന്ന് ആരോപിച്ച് വഡോദരയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. മിഷനറീസ് ഓഫ് ചാരിറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ആരോപിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 2003 ല്‍ ഗുജറാത്ത് ഭേദഗതി വരുത്തിയ മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ അഗതി മന്ദിരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മന്ദിരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് ചെയര്‍മാന്‍ കത്തെഴുതിയിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ദേശീയ ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍ കത്ത് നല്‍കിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഒരു അന്വേഷണ കമ്മറ്റിയെ നിയമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് സാമൂഹിക സുരക്ഷ ഓഫിസര്‍ മായങ്ക് ത്രിവേദി പറഞ്ഞു. യുവതികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണെന്നും ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ പ്രേരിപ്പിക്കുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം, അഗതി മന്ദിരത്തിലെ ലൈബ്രറിയില്‍ നിന്ന് 21 ബൈബിള്‍ കണ്ടെത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അഗതി മന്ദിരത്തില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലുള്ളവര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഗതി മന്ദിരത്തിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദം സ്ഥാപന മേധാവി സിസ്റ്റര്‍ റോസ് തേരേസ നിഷേധിച്ചു. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ അനാഥ കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് അഗതി മന്ദിരം ചെയ്യുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു. അഗതികളെ സംരക്ഷിക്കുന്നതിന് വേണ്ടി മദര്‍ തെരേസ സ്ഥാപിച്ചതാണ് മിഷനറീസ് ഓഫ് ചാരിറ്റിയെന്ന സ്ഥാപനം.