മുംബൈ: ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീനയെ താന്‍ കൊന്നിട്ടില്ലെന്നും മകള്‍ ജീവനോടെയുണ്ടെന്നും വ്യക്തമാക്കി കേസിലെ പ്രതിയായ ഇന്ദ്രാണി മുഖര്‍ജി സി ബി ഐക്ക് കത്തെഴുതി. ഷീന ജീവനോടെയുണ്ടെന്നും കശ്മീരില്‍വെച്ച് മകളെ കണ്ടതായി തന്റെ സഹതടവുകാരി പറഞ്ഞെന്നും സി ബി ഐയ്‌ക്കെഴുതിയ കത്തില്‍ ഇന്ദ്രാണി മുഖര്‍ജി വ്യക്തമാക്കി. ഷീനയെ കണ്ടെത്താനായി അന്വേഷണം ആരംഭിക്കണമെന്നും സി ബി ഐയോട് ഇന്ദ്രാണി മുഖര്‍ജി ആവശ്യപ്പെട്ടു. എന്നാല്‍ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന ഇന്ദ്രാണിയുടെ അവകാശവാദം അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
2012 ഏപ്രിലില്‍ ഷീന ബോറ കൊല്ലപ്പെട്ടെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. 2015-ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ആദ്യ ഭര്‍ത്താവിലുണ്ടായ മകളായ ഷീനാ ബോറയെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നതാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരായ കേസ്. അറസ്റ്റിലായതുമുതല്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ് ഇവര്‍. കഴിഞ്ഞ മാസം ഇവരുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തളളിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ദ്രാണിയും ഷീനയും സഹോദരിമാരാണ് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് കണ്ടെത്തിയത്. ഷീന തനിക്ക് വീടുവെച്ചുനല്‍കണമെന്ന് ഇന്ദ്രാണിയോട് ആവശ്യപ്പെടുകയും ഇരുവര്‍ക്കുമിടയിലുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. ഇന്ദ്രാണിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ ഭാര്യയിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി ഷീന ബോറ പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സി ബി ഐ കണ്ടെത്തി. കൊലപാതകത്തിനുശേഷം ഷീന അമേരിക്കയിലാണെന്നായിരുന്നു ഇന്ദ്രാണി പറഞ്ഞിരുന്നത്. പിന്നീട് ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ മറ്റൊരു കേസില്‍ പൊലീസ് പിടിയിലായി. തുടര്‍ന്നാണ് ഷീനയുടെ കൊലപാതകം പുറംലോകം അറിയുന്നത്.