കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 20% വോട്ട് വിഹിതം കുറഞ്ഞു. ആറ് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടിനെ അപേക്ഷിച്ച് 20 ശതമാനത്തോളം വോട്ടാണ് കുറഞ്ഞത്. അതേസമയം, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് ലഭിച്ചിരിക്കുന്നത്. 144 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 134 വാര്‍ഡുകളിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വിജയം.
സംസ്ഥാന ഭരണം പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തിയ ബിജെപിക്ക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളാണ് നേടാനായത്. മുപ്പത് വര്‍ഷത്തോളം പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റുകളാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളിലാണ് വിജയം കണ്ടത്. രണ്ടു സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കൊത്ത 115 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന തൃണമുല്‍ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ അധികം നേടി. അന്ന് ഇടതുമുന്നണിക്ക് 15 ഉം കോണ്‍ഗ്രസിന് 5 ഉം ബിജെപിക്ക് 7 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഈ ഫലം ലജ്ജാകരമാണ്. ഇതിലും മികച്ചത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് ഇരട്ട അക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കളാരും കൊൽക്കത്ത സന്ദർശിച്ചിരുന്നില്ല. അതിനാലാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിക്ക് പ്രചാരണ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണ്. കൊല്‍ക്കത്തയിലെ മികച്ച പ്രതിപക്ഷമായി ബിജെപി ഉയര്‍ന്നു വരും - ബിജെപി നേതാക്കള്‍ പറഞ്ഞു.