ചെന്നൈ: സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെണ്‍കുട്ടികള്‍. ചെന്നൈയിലെ റെഡ്ഹില്‍സിനടുത്ത് ഇച്ചങ്ങാട് ഗ്രാമത്തിലാണ് സംഭവം. 21 വയസുകാരനായ പ്രേംകുമാര്‍ എന്ന ബിരുദവിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൊലപാതകം നടത്തിയത്. ഇച്ചങ്ങാട് സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വണ്ടല്ലൂര്‍ മൃഗശാലയില്‍വെച്ചാണ് പ്രേംകുമാറിനെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് അടുത്തുകൂടിയ ഇയാള്‍ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒരു വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിക്കൊണ്ടിരുന്നു. ഒരുവര്‍ഷത്തിനിടെ രണ്ട് വിദ്യാര്ത്ഥിനികളില്നിന്നുമായി ഒരുലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ശല്യം സഹിക്കാനാകാതെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അശോക് എന്ന യുവാവിന്റെ സഹായം തേടി. പ്രേംകുമാറിന്റെ ഫോണ്‍ വാങ്ങി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനായിരുന്നു പെണ്‍കുട്ടികള്‍ സഹായമഭ്യര്‍ത്ഥിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അശോകിന്റെ നിര്‍ദേശപ്രകാരം പണം തരാനെന്ന വ്യാജേന പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ ഷോളാവരം ടോള്‍ പ്ലാസയ്ക്കുസമീപത്തേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് അശോകും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് പ്രേംകുമാറിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. പെണ്‍കുട്ടികളെയും അശോകിന്റെ സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശോക് ഒളിവിലാണ്.