തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ ജി കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 1954-ല്‍ സ്‌നേഹസീമ എന്ന ചിത്രത്തിലൂടെയായിരുന്നു ജി കെ പിളള അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തില്‍ പൂപ്പളളി തോമസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഹരിശ്ചന്ദ്ര, മന്ത്രവാദി, പട്ടാഭിഷേകം, നായര് പിടിച്ച പുലിവാല്, ലോട്ടറി ടിക്കറ്റ് തുടങ്ങി മുന്നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ആദ്യകാലങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ജി കെ പിളള ശ്രദ്ധേയനായത്.
1925-ല്‍ തിരുവനന്തപുരം വര്‍ക്കലക്കടുത്ത് ചിറയിന്‍കീഴില്‍ പെരുമ്പാട്ടത്തില്‍ ഗോവിന്ദപ്പിളളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജി കെ പിളള ജനിച്ചത്. ജി കേശവപ്പിളള എന്നായിരുന്നു മുഴുവന്‍ പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജി കെ പിളള പതിമൂന്ന് വര്‍ഷം സൈനികനായി സേവനമനുഷ്ടിച്ചു. പിന്നീടാണ് സിനിമയിലെത്തുന്നത്. നടന്‍ പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലേക്കെത്തിച്ചത്. കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്പ്രസ് തുടങ്ങിയ സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. 80-കളില്‍ ജയനുശേഷം ഡ്യൂപ്പുകളുടെ സഹായമില്ലാതെ സ്റ്റണ്ടുകള്‍ ചെയ്ത ഏക നടന്‍ കൂടിയാണ് ജി കെ പിളള.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നീട് ഒരിടവേളക്കുശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചുതുടങ്ങി. കടമറ്റത്തുകത്തനാര്‍ ആയിരുന്നു ആദ്യ പരമ്പര. പിന്നീട് സ്വപ്‌നം, അമ്മ മനസ്, കുങ്കുമപ്പൂവ് തുടങ്ങിയ പരമ്പരകളിലും അദ്ദേഹം അഭിനച്ചിട്ടുണ്ട്. കുങ്കുമപ്പൂവ് പരമ്പരയിലെ കേണല്‍ ജഗന്നാഥ വര്‍മ്മ എന്ന കഥാപാത്രം അദ്ദേഹത്തെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. ഉല്‍പലാക്ഷിയമ്മയാണ് ജി കെ പിളളയുടെ ഭാര്യ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിളള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍ എന്നിവരാണ് മക്കള്‍.