ഭുവനേശ്വർ: ഇനിമുതല്‍ ജഡ്ജിമാരെ 'മൈ ലോഡ്' എന്ന് അഭിസംബോധന ചെയ്യരുതെന്ന് ഒഡീഷ ഹൈക്കോടതി. യുവര്‍ ഓണര്‍, യുവര്‍ ലോഡ്ഷിപ്പ് തുടങ്ങിയ വാക്കുകളും ജഡ്ജിമാരെ അഭിസംബോധന ചെയ്യാനായി ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. 'ഈ ബെഞ്ചിലുളള ജഡ്ജിമാരെ മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ്, യുവര്‍ ഓണര്‍ എന്നോ, ഹോണറബിള്‍ എന്ന പ്രിഫിക്‌സ് ഉപയോഗിച്ചോ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാ അഭിഭാഷകരോടും കക്ഷികളോടുമായി അഭ്യര്‍ത്ഥിക്കുകയാണ്. പകരം മാന്യമായ മറ്റ് അഭിസംബോധനകള്‍ ഉപയോഗിക്കാം' എന്നാണ് കോടതി പറഞ്ഞത്.
ഇതാദ്യമായല്ല ജസ്റ്റിസ് മുരളീധര്‍ തന്നെ 'മൈ ലോഡ്' എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത്. 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരോടും 2020-ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടുമെല്ലാം അദ്ദേഹം തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുത് എന്ന് നിര്‍ദേശം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജഡ്ജിമാരെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ മുന്‍പും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് നിയമസംവിധാനങ്ങള്‍ പാരമ്പര്യമായി കൈമാറിയതിനാല്‍ സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷങ്ങള്‍ക്കുശേഷവും നമുക്ക് ഹാങ് ഓവര്‍ മാറിയിട്ടില്ല. കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ശേഷിപ്പുകളാണ് ഇതെല്ലാം എന്നാണ് പ്രശസ്ത അഭിഭാഷകന്‍ ബനാ ബിഹാരി മൊഹന്തി പറഞ്ഞത്.