നടിയെ അക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സി പി എം എം എല്‍ എമാര്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷണ. വനിതകളുടെ പൂർണ്ണ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സർക്കാരിൽ നിന്നും ഇടതുപക്ഷ മുന്നണിയിൽ നിന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും ബിന്ദു കൃഷണ ചോദിച്ചു. ഇന്നസെന്‍റും, മുകേഷും, കെ ബി ഗണേഷ് കുമാറും പീഡനക്കേസിലെ ആരോപണവിധേയനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. അപ്പോഴൊന്നും സിപിഎമ്മിന്‍റെ സൈബര്‍ ഗുണ്ടകള്‍ ഈ നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്നും ബിന്ദു കൃഷണ ഫേസ്ബുക്കില്‍ കുറിച്ചു. കുറ്റവാളിയല്ലെന്ന് അവസാന കോടതി വിധിക്കും വരെയും നടൻ കുറ്റം ചെയ്തു എന്ന തോന്നലാണ് എനിക്കുള്ളതെന്നും ബിന്ദു കൃഷണ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 74 വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകാർ നടിയെ ആക്രമിച്ച നടനെയും നാല് വർഷങ്ങൾക്കിപ്പുറം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി എൻ്റെ മനസ്സിലുള്ള ചില സംശയങ്ങൾക്ക് കൂടി ഉത്തരം നൽകിയാൽ നന്നായിരുന്നു.
1. 2017ൽ ഇടതുപക്ഷ എംപി ആയിരുന്ന ശ്രീ ഇന്നസെൻ്റ് എന്തിന് വേണ്ടിയാണ് നടിയെ ആക്രമിച്ച നടന് പൂർണ്ണ പിന്തുണ നൽകിയത് ?
2. 2017ലും നിലവിലും എംഎൽഎമാരായ ശ്രീ കെ.ബി ഗണേഷ് കുമാറും, ശ്രീ എം.മുകേഷും എന്തിന് വേണ്ടിയാണ് പീഡനക്കേസിലെ ആരോപണവിധേയനെ സംരക്ഷിക്കുന്നത് ?
3. ടി കേസിൽ കുറ്റാരോപണ വിധേയനായി അറസ്റ്റ് ചെയ്യപ്പെട്ട നടനെ സംരക്ഷിച്ച ഇടതുപക്ഷ ജനപ്രതിനിധികൾക്കെതിരെ സിപിഎമ്മും സിപിഎമ്മിൻ്റെ സൈബർ ഗുണ്ടകളും നാളിതുവരെ പ്രതികരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണ് ?
4. വനിതകളുടെ പൂർണ്ണ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സർക്കാരിൽ നിന്നും ഇടതുപക്ഷ മുന്നണിയിൽ നിന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ടാണ് ?
നടി ആക്രമിക്കപ്പെട്ടത് പുറംലോകം അറിഞ്ഞ ദിവസം മുതൽ കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളുടെ പരമ്പര തന്നെ സംഘടിപ്പിച്ച വ്യക്തിയാണ് ഞാൻ. കുറ്റാരോപണ വിധേയനെ അറസ്റ്റ് ചെയ്യണമെന്നും കുറ്റാരോപണ വിധേയന് സംരക്ഷണം നൽകുന്ന ജനപ്രതിനിധികൾ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വ്യത്യസ്ത സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. നടനും കൂട്ടർക്കും സംരക്ഷണം ഒരുക്കിയ എ.എം.എം.എ എന്ന സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വുമൺ ഇൻ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയ്ക്ക് പിന്തുണ നൽകിയിരുന്നു. അപ്പോഴൊക്കെ സർക്കാരിൻ്റെയും, ഇടതുപക്ഷ ജനപ്രതിനിധികളുടെയും, സിപിഎമ്മിൻ്റെയും, സൈബർ സംഘാക്കന്മാരുടെയും നിലാപാട് എന്തായിരുന്നുവെന്ന് ഓർമ്മയുണ്ടോ ?
അന്ന് പ്രതികരണശേഷി നഷ്ടപ്പെട്ട് മാളത്തിൽ ഒളിച്ച കോവാലസേന ഇന്നലെ ഞാൻ ഫെയ്സ് ബുക്കിൽ രേഖപ്പെടുത്തിയ പോസ്റ്റുമായി നടക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ ഇട്ട പോസ്റ്റ് അപഹസിച്ചുകൊണ്ടാണ് എന്നത് ? വിവേകമുള്ളവർക്ക് വ്യക്തമായി മനസ്സിലായിരുന്നു. എന്നാൽ സഖാക്കന്മാരുടെ വ്യാഖ്യാനങ്ങൾ കണ്ടപ്പോൾ അവരുടെ ആത്മശാന്തിക്കായി ഞാൻ അതേ പോസ്റ്റിൽ ഒരു മുദ്ര കൂടി ? ഉൾപ്പെടുത്തി. എന്നിട്ടും സഖാക്കന്മാർ ആരോ കമ്പം കണ്ടപോലെ വീണിടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഞാൻ കാശ് നൽകി വനിത വാങ്ങി എന്നതായി ആക്ഷേപം. സാധാരണ എല്ലാ വീടുകളിലും ആഴ്ചപതിപ്പുകൾ പത്രവിതരണക്കാർ തന്നെ വീട്ടിൽ എത്തിക്കാറാണ് പതിവ്. കവർചിത്രം ഇതായതുകൊണ്ട് ഏതെങ്കിലും പത്രവിതരണക്കാർ വാരിക വീടുകളിൽ ഇടാതിരിക്കുമോ?
കുറ്റവാളിയല്ലെന്ന് അവസാന കോടതി വിധിക്കും വരെയും നടൻ കുറ്റം ചെയ്തു എന്ന തോന്നലാണ് എനിക്കുള്ളത്. കോടതി കുറ്റവാളിയെന്നോ കുറ്റവിമുക്തനെന്നോ തെളിയിക്കുന്നിടം വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇങ്ങനെ വെള്ളപൂശിയത് അനവസരത്തിലായിപ്പോയി എന്നതാണ് എൻ്റെ അഭിപ്രായം. എന്നാൽ സൈബർ ക്രിമിനലുകൾ എന്തൊക്കെയാണ് എഴുതി പിടിപ്പിക്കുന്നത് എന്ന് അവർക്ക് തന്നെ നിശ്ചയമില്ല.
ഒരു കാര്യം കൂടി എഴുതാതെ പോകുന്നത് ശരിയല്ല എന്ന് വിചാരിക്കുന്നു. രാഷ്ട്രീയപരമായി എതിർ ഭാഗത്ത് നിൽക്കുമ്പോഴും ശ്രീ എം.മുകേഷ് എന്ന നടനെ, കലാകാരനെ ചെറുതായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 1982 മുതൽ ഈ കാലഘട്ടം വരെ ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള നടനാണ് എം.മുകേഷ്. അദ്ദേഹം ജനപ്രതിനിധി എന്ന നിലയിൽ പരാജയം ആണെങ്കിലും അതിനെ മറികടക്കാൻ അദ്ദേഹത്തിൻ്റെ അഭിനയ കരിയർ കൊണ്ടു സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്നാൽ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ലോകത്തിലെ ഏറ്റവും മോശം വ്യക്തികളിൽ ഒരാളായാണ് ശ്രീ എം.മുകേഷിനെ സിപിഎമ്മിൻ്റെ സൈബർ വിഭാഗം തന്നെ കാണുന്നത്. മുകേഷിന് എതിരെ ജയിക്കാൻ കഴിയാതെ പോയതിന് ലോകത്തിലെ ഏറ്റവും പാഴ് വസ്തുവിനോട് എനിക്ക് ജയിക്കാൻ കഴിഞ്ഞില്ല എന്ന നിലവാരത്തിലുള്ള കമൻ്റുകളാണ് സിപിഎം സൈബർ ക്രിമിനലുകളിൽ നിന്നും വർഷിക്കുന്നത്. കോൺഗ്രസ്സുകാർ പോലും പറയാൻ മടിക്കുന്ന വാക്കുകളാണ് സ്വന്തം എംഎൽഎക്കെതിരെ സൈബർ കമ്മികൾ തന്നെ ഉപയോഗിക്കുന്നത്.
കുറ്റാരോപണ വിധേയനെതിരെ പ്രതികരിക്കാനുള്ള വിവേകം വീണ്ടെടുത്ത കോവാലസേനയ്ക്ക് കുറ്റാരോപണ വിധേയനെ സംരക്ഷിക്കുന്നവർക്കെതിരെയും പ്രതികരിക്കാനുള്ള കരുത്ത് ലഭിക്കുമാറാകട്ടെ. അതുപോലെതന്നെ വേട്ടക്കാരനെ വെള്ളപൂശാൻ ഇറങ്ങിയ ആവിഷ്കാരസ്വാതന്ത്ര്യമുള്ള കൈരളിക്കെതിരെ സഖാക്കന്മാർക്ക് എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം.
ഞാൻ കമ്മ്യൂണിസ്റ്റുകാരെപ്പോലല്ല, ഇരയ്ക്കൊപ്പം ചങ്കുറപ്പോടെ തന്നെ നിൽക്കും എല്ലാക്കാലവും...