തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരക്കളിക്കെതിരെ രൂക്ഷവിമര്‍ശനം. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ സമയത്ത് മെഗാ തിരുവാതിര നടത്തിയതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയരുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്.സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎമ്മിന്‍റെ മെഗാ തിരുവാതിരക്കെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, എം. വിന്‍സെന്റ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ രംഗത്തെത്തി. 'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്. മരണവാര്‍ത്ത വന്നപ്പോള്‍ സി പി എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിനുളള സ്മാരകം പണിയാന്‍ എട്ട് സെന്റ് ഭൂമി വില കൊടുത്ത് വാങ്ങുക എന്നായിരുന്നു കെ സുധാകരന്‍റെ വിമര്‍ശനം. രാഹുലിനോട് ചർച്ചക്കിടയില്‍ കത്തി കൊണ്ട് വന്നിട്ടുണ്ടോ എന്ന് വരെ ചോദിച്ച് വൈകാരിക പരിസരം ഉണ്ടാക്കിയ പഴയ എസ് എഫ് ഐ അവതാരാകനോ, ഇടത് സാംസ്ക്കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച "മെഗാ തിരുവാതിരക്കളി" പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.