കൊച്ചി: രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമാകാനൊരുങ്ങി എറണാകുളം ജില്ലയിലെ കുമ്പളങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും. സാനിറ്ററി നാപ്കിനുകള്‍ക്കുപകരം മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എറണാകുളം മണ്ഡലത്തില്‍ നടത്തിയ 'അവള്‍ക്കായ്' എന്ന പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങിയില്‍ പതിനെട്ട് വയസിനുമുകളില്‍ പ്രായമുളള സ്ത്രീകള്‍ക്കായി അയ്യായിരത്തിലധികം മെന്‍സ്ട്രുവല്‍ കപ്പുകളാണ് വിതരണം ചെയ്തിരിക്കുന്നത്.
അവള്‍ക്കായ് പദ്ധതിയുടെ ഭാഗമായാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതെന്നും അതിലൂടെയാണ് നാപ്കിന്‍ രഹിത ഗ്രാമമെന്ന നേട്ടം കുമ്പളങ്ങി സ്വന്തമാക്കുന്നതെന്നും ഹൈബി ഈടന്‍ എംപി പറഞ്ഞു. എച്ച് എസ് എല്‍ അക്കാദമിയുടെ 'തിങ്കള്‍ സ്‌കീം', ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സാനിറ്ററി നാപ്കിനുകള്‍ക്കുപകരം സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന ബദല്‍ സംവിധാനങ്ങളെക്കുറിച്ചുളള പ്രചാരണങ്ങളും കൂടിവരുന്നുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുളള ഒന്നാണ് മെന്‍സ്ട്രുവല്‍ കപ്പ്. പരിസ്ഥിതി സൗഹൃദമാണ് എന്നുമാത്രമല്ല വര്‍ഷങ്ങളോളം ഉപയോഗിക്കാനും സാധിക്കും എന്നതാണ് മെന്‍സ്ട്രുവല്‍ കപ്പിന് പ്രചാരം കൂടാനുളള പ്രധാന കാരണം.