LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫ്രാങ്കോ പീഡനക്കേസ്; തെറ്റുപറ്റിയത് ജഡ്ജിക്കല്ല പ്രോസിക്ക്യൂഷന്- ഹരി മോഹന്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അതില്‍ ഏറെയും ഇരയ്ക്ക് നീതി കിട്ടിയില്ലെന്ന തരത്തിലുളളതായിരുന്നു. വിധി വന്നതിനുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിശങ്കര്‍ ഐ പി എസ് നടത്തിയ പ്രതികരണത്തിലും പ്രമുഖ അഭിഭാഷകരായ ജയശങ്കര്‍, ഹരീഷ് വാസുദേവന്‍ ശ്രീദേവി തുടങ്ങിയവര്‍ നടത്തിയ പ്രതികരണങ്ങളിലുമെല്ലാം വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതിയെ വെറുതേ വിട്ടുകൊണ്ടുളള വിധിയില്‍ അത്ഭുതം പ്രകടിപ്പിക്കുകയും ചെയതു. എന്നാല്‍ കേസില്‍ പ്രതിയെ വെറുതെ വിടുന്നതിലേക്ക് എത്തിച്ചത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് എന്ന് പറയുകയാണ് ഹരി മോഹന്‍. ഇരയുടെ മൊഴികളിലെ വൈരുദ്ധ്യം പോലും പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ കോടതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നതടക്കമുളള കാര്യങ്ങള്‍ അക്കമിട്ട് വിവരിക്കുകയാണ് ഹരി മോഹന്‍.

ഹരി മോഹന്റെ കുറിപ്പ്

എന്റെ അഭിപ്രായത്തിൽ ജഡ്ജി തന്റെ പണി വൃത്തിയായി ചെയ്തു. തന്റെ മുൻപിൽ വന്ന തെളിവുകളും സാഹചര്യത്തെളിവുകളും മൊഴികളും കൃത്യമായി പരിശോധിച്ച ശേഷം, അതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിധിപ്രഖ്യാപനം നടത്തി. പണി വൃത്തിയായി ചെയ്യാത്തതു പോലീസും പ്രോസിക്യൂഷനുമാണ്.

ഇന്നലെ കേസ് അന്വേഷിച്ച ഹരിശങ്കറിന്റെ സംസാരം കേട്ടപ്പോൾ മേൽക്കോടതിയിൽ പോയാൽ നീതി ലഭ്യമാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. അത്രയധികം ആത്മാർത്ഥത അന്വേഷണ സംഘത്തിന് ഈ കേസിൽ ഉണ്ടായിരുന്നു എന്നു തോന്നി. അതെല്ലാം വെറും പ്രഹസനം മാത്രമായിരുന്നുവെന്നും മേൽക്കോടതിയിൽ പോയാൽ കീഴക്കോടതി ജഡ്ജി നൽകിയ ദയ പോലുമുണ്ടാകില്ല എന്നും വിധിന്യായം വായിച്ചപ്പോൾ മനസിലായി.

പ്രോസിക്യൂഷനും പോലീസും അടിമുടി പരാജയമായതാണു കന്യാസ്ത്രീക്കു നീതി നിഷേധിക്കപ്പെടാൻ കാരണം. കന്യാസ്ത്രീയുടെ സമ്മർദ്ദം സ്വാഭാവികമാണ്. പക്ഷേ 2018-ൽ രജിസ്റ്റർ ചെയ്ത കേസിൽ, 2020 സെപ്റ്റംബറിൽ വാദം തുടങ്ങിയ ഒരു കേസിൽ, പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യം പോലും പരിഹരിക്കാൻ കഴിയാത്ത പ്രോസിക്യൂഷൻ പിന്നെന്തു പണിയാണു ചെയ്തതെന്നറിയാൻ കൗതുകമുണ്ട്. "കൂടെ കിടക്കേണ്ടി വരും" എന്നു സഹ കന്യാസ്ത്രീകളോടു പറഞ്ഞതും ലൈംഗിക ആക്രമണത്തിന് ഇരയായി എന്ന പരാതിയും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചിട്ടില്ല. അവർ ഡോക്ടർക്കു നൽകിയ മൊഴിയിലും വൈരുധ്യമുണ്ട്. ഇങ്ങനെയുള്ള മൊഴികളിലെ വൈരുധ്യങ്ങൾക്കു വിശദീകരണം നൽകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നു വിധിന്യായത്തിൽ കോടതി പറഞ്ഞിട്ടുണ്ട്.

സാക്ഷിമൊഴികളും അങ്ങേയറ്റം പ്രശ്നമാണ്. സിസ്റ്റർ അനുപമയുടെ മൊഴിയിൽ "അന്നത്തെ മാനസികാവസ്ഥയിൽ കള്ളത്തരം പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഇന്നത്തെ മാനസികാവസ്ഥയിൽ ഞാൻ സത്യമാണു പറയുന്നത്" എന്നു പറയുന്നുണ്ട്. സാക്ഷിമൊഴിയുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം വാചകങ്ങൾ പോലും ഒഴിവാക്കാനുള്ള പരിശീലനം നൽകാത്ത പ്രോസിക്യൂഷനൊക്കെ എന്താണ് ഈ വിചാരണ നടന്ന ഒന്നേകാൽ കൊല്ലം ചെയ്തത്?

മറ്റൊരു സുപ്രധാന സാക്ഷിയായ സിസ്റ്റർ ലിസി വടക്കേൽ സിസ്റ്റർ അൽഫോൻസാ എബ്രഹാമിന് എഴുതിയ കത്തിലെ കാര്യങ്ങൾ അവരുടെ വിശ്വാസ്യത ഇല്ലാതാക്കി. അതിനു കാരണമായത് അന്വേഷണ സംഘമോ പ്രോസിക്യൂഷനോ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യം പോലും ചെയ്തിട്ടില്ല എന്നതാണ്. ഈ കത്തിൽ തന്നെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരായ സുഭാഷിനെയും മോഹൻദാസിനെയും കുറിച്ചു പറയുന്നുണ്ട്. വിചാരണാ വേളയിലെ ക്രോസ് എക്സാമിനേഷനിൽ ഈ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ ലിസിക്കു കഴിഞ്ഞില്ല. ഒടുവിൽ മാധ്യമങ്ങളിൽക്കണ്ട പേരുകൾ ചേർത്തു കത്ത് വിശ്വാസ്യയോഗ്യമാക്കാൻ ചെയ്തതാണെന്നു വരെ പറയേണ്ടി വന്നു ഈ സാക്ഷിക്ക്. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും സാക്ഷിക്ക് അറിയാതെ വരികയെന്നത് ആരുടെ വീഴ്ചയാണ്?

മറ്റൊന്നു തെളിവുകളാണ്, മെറ്റീരിയൽ എവിഡൻസ്. ഇര ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലും ഹാജരാക്കാൻ കഴിയാത്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ഇന്നലെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നതു കണ്ടത്. പ്രതി പരാതിക്കാരിക്ക് അയച്ച മോശം മെസ്സേജുകൾ എന്ന നിർണായകമായ തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ ആണ് ഒരിക്കൽ വിറ്റുപോയതിനാൽ കണ്ടെത്താനാവാതെ പോയത്. മെസ്സേജുകൾ റിട്രീവ് ചെയ്യാൻ മൊബൈൽ കമ്പനികൾക്കു കഴിഞ്ഞില്ല എന്ന കാരണവും നിരത്തിയിട്ടുണ്ട്. തൃപ്തികരമല്ലാത്തത് എന്നാണു കോടതി ഇതിനെ കണ്ടത്. ആഗ്രഹിച്ചാലും തെളിവുകൾ ഇല്ലെങ്കിൽ കോടതിക്കും ഒന്നും ചെയ്യാനാവില്ലല്ലോ.

അടുത്ത തെളിവ് ലാപ്ടോപ്പ് ആണ്. അതാവട്ടെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുമില്ല. ഹാർഡ് ഡിസ്ക് ഡാമേജ് ആയത്രേ.

മറ്റൊന്ന്, ഒരിക്കൽ തന്നെ ലൈംഗികമായി ആക്രമിക്കാൻ വേണ്ടി മുറിയിലേക്കു ചെല്ലാനായി പ്രതി കാരണമുണ്ടാക്കിയതു മഠത്തിലെ കിച്ചൻ വർക്കുമായി ബന്ധപ്പെട്ട പേപ്പറുകൾ ആവശ്യപ്പെട്ടുകൊണ്ടാണ്. ആ പേപ്പറുകൾ എടുത്തു മുറിയിലേക്കു കടന്നപ്പോഴാണ് അയാൾ കന്യാസ്ത്രീയെ ആക്രമിക്കുന്നത്. എന്നാൽ തെളിവ് എന്ന നിലയിൽ ഈ പേപ്പറുകൾ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.

അടുത്തതു പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്റെ നയതന്ത്ര സ്ഥാനപതിക്കു നൽകിയ കത്താണ്. ഈ കത്തിന്റെ ഒറിജിനൽ കണ്ടെത്താതെ ഫോട്ടോകോപ്പിയുമായാണു പ്രോസിക്യൂഷൻ വാദിച്ചത്. കോടതിക്കു ലഭ്യമാകാത്ത തെളിവാണെങ്കിൽ ഇത്തരം ഫോട്ടോകോപ്പികൾ സെക്കന്ററി എവിഡൻസ് ആയി പരിഗണിക്കാം. പക്ഷേ, ഇതു ലഭ്യമാകാനുള്ള എല്ലാ സാധ്യതയും നിലനിൽക്കേ ഹാജരാക്കിയ ഫോട്ടോകോപ്പി സെക്കന്ററി എവിഡൻസായിപ്പോലും കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമായിപ്പറഞ്ഞു. 

ഇനി പോലീസിനും പ്രോസിക്യൂഷനും ഒഴിവാക്കാമായിരുന്ന വീഴ്ചകളുണ്ട്. മുൻപു പരാതിക്കാരി ഒരു മൊഴിയിലും പറയാത്ത ഒരു തീയതി ഫൈനൽ റിപ്പോർട്ടിൽ വന്നിരുന്നു. അതുകൊണ്ടുതന്നെ താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന് അവർ പറഞ്ഞ 2015-ലെ ആ തീയതിയിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പോലും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഇത് 'അമ്പരപ്പിച്ചു' എന്നാണു വിധിന്യായത്തിൽ പറയുന്നത്.

ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ 289 പേജുള്ള വിധിന്യായത്തിൽ പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകളായി പറയുന്നുണ്ട്. ഭൂരിഭാഗം രേഖകളുടെയും ഫോട്ടോകോപ്പികൾ ഹാജരാക്കുക, സുപ്പീരിയർ ജനറൽ ആയ സിസ്റ്ററെ അടക്കം വിസ്തരിക്കാതിരിക്കുക, മൊഴികളിലെ വൈരുധ്യം പരിഹരിക്കപ്പെടാതിരിക്കുക എന്നിങ്ങനെ എണ്ണിയെണ്ണി വിധിന്യായത്തിൽ പറയുന്നുണ്ട്.

ജഡ്ജി തന്റെ മുന്നിൽ വന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണു വിധിയെഴുതിയത്. കേരളത്തിലെ പോലീസിന്റെയും പ്രോസിക്യൂഷന്റെയും മാത്രം വീഴ്ചയാണു സഭയുടെ പണത്തോടും സ്വാധീനത്തോടും വിശ്വാസികളെന്ന പേരിലറിയപ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ ആക്രമണങ്ങളോടുമുള്ള ഒരുകൂട്ടം കന്യാസ്ത്രീകളുടെ പോരാട്ടത്തെ തോൽപ്പിച്ചു കളഞ്ഞത്. വിധി വായിച്ചു എന്നവകാശപ്പെടുന്നവർ പോലും അയാളെ ഇപ്പോഴും കുറ്റം പറയുന്നതു നിഷ്കളങ്കമാണെന്നു വിശ്വസിക്കുന്നില്ല. സർക്കാരിന്റെ വീഴ്ച മറച്ചുവെയ്ക്കാൻ വേണ്ടി മാത്രമുള്ള ശ്രമമാണത്.

'ശുംഭന്മാർ' എന്നു ജയരാജൻ വിളിച്ചതു കൃത്യമാണ്. ഇവിടെ പക്ഷേ അതു യോജിക്കുക ജഡ്‌ജിക്കല്ല, സർക്കാർ സംവിധാനങ്ങൾക്കാവും.

'പ്രെയിസ് ദ ഗവൺമെന്റ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More