ബംഗളൂരു: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കുറ്റവാളിക്ക് അധികൃതരില്‍ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ജെ സി ബി നാരായണ സ്വാമി എന്ന ക്രിമിനലിന് ജയില്‍ അധികൃതര്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടെലിവിഷനും മൊബൈല്‍ ഫോണും സോഫയുമുള്‍പ്പെടെയുളള സൗകര്യങ്ങളുളള സെല്ലില്‍ നാരായണ സ്വാമി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനുപിന്നാലെ ജയില്‍ അതികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. നാരായണ സ്വാമിക്ക് ജയിലിനുളളില്‍ ഫാനും ചെയറുമുള്‍പ്പെടെയുളള സൗകര്യങ്ങളും പൊലീസ് ഒരിക്കിരുന്നു. കൂടാതെ അയാളുടെ ഇഷ്ടപ്രകാരമുളള പ്രത്യേക ഭക്ഷണവും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയാണ് ജയിലില്‍ ഇത്രയും സൗകര്യങ്ങളേര്‍പ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പുറത്തുവന്ന രണ്ട് വീഡിയോകളില്‍ ഒന്ന് 2019 മാര്‍ച്ചിലെയും മറ്റൊന്ന് അതേ വര്‍ഷം ജൂലൈയിലും ചിത്രീകരിച്ചതായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജൂലൈയില്‍ നാരായണ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നെന്നും 2019 ആഗസ്റ്റ് 14-ന് അയാള്‍ ജാമ്യത്തിലിറങ്ങി എന്നും അധികൃതര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021- ഫെബ്രുവരിയില്‍ ഈ വീഡിയോകള്‍ പുറത്തുവന്നിരുന്നു. അന്ന് തന്നെ ജയിലിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും നാരായണ സ്വാമിയില്‍ നിന്ന് പണം വാങ്ങി സൗകര്യങ്ങളൊരുക്കിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു എന്നും അധികൃതര്‍ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു.