കോഴിക്കോട്: പി സി ജോര്‍ജ്ജ് വൃത്തികേടുകളുടെ ഒരു പ്രപഞ്ചമാണെന്ന് സംവിധായകന് ജിയോ ബേബി. പി സി ജോര്‍ജ്ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ടുനടത്തുന്ന ആളുകളുടെ പ്രതിനിധിയാണെന്നും അയാളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കണമെന്നും ജിയോ ബേബി ആവശ്യപ്പെട്ടു. ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെയും അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവനകളുമായി നിരവധിപേരാണ് വന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്കെല്ലാം ചാനലുകളില്‍ റപ്രസന്റേഷനുണ്ട്. അതിന്റെ ഒരു കണ്ണി മാത്രമാണ് പി സി ജോര്‍ജ്ജ്. ഇവരെയെല്ലാം മാറ്റിനിര്‍ത്തേണ്ടതുണ്ട് എന്നാണ് ജിജോ ബേബി പറയുന്നത്.
ദിലീപിന്റെയും ഫ്രാങ്കോ മുളക്കലിന്റെയും വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്ക്കും ജനാധിപത്യ അവകാശങ്ങളുണ്ട്. എന്നാല്‍ പി സി ജോര്‍ജ്ജ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നു. ഭാഷയുടെ വൃത്തികേടിന്റെ അങ്ങേയറ്റമാണ് പി സി ജോര്‍ജ്ജ്. ഇത്തരം വൃത്തികേടുകള്‍ കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അയാള്‍ ആശ്വാസമാണ്. ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതുമുതല്‍ തുടങ്ങും ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍. ഈ വിഷയത്തില്‍ കോടതി എന്ത് പറയുന്നു എന്നുമാത്രമാണ് നമുക്കറിയേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ ബിസിനസിനും റേറ്റിംഗിനുമായി അതെല്ലാം കാണാന്‍ നമ്മെ ശീലിപ്പിക്കുകയാണ്. അതിന് അവര്‍ക്ക് പി സി ജോര്‍ജ്ജ് വേണം- ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചക്കിടെയാണ് പി സി ജോര്‍ജ്ജ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തിയത്. നടന് ദിലീപിനെതിരെ നടി പരാതിയുമായി വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നതടക്കം കടുത്ത പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് നടത്തിയത്. സംഭവം വിവാദമായതോടെ പി സി ജോര്‍ജ്ജ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ്. ഞാനെന്നല്ല ആരും സ്ത്രീകളെപ്പറ്റി അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നാണ് പി സി പറഞ്ഞത്.