കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റില്‍ കൊലപാതകവും കൊളളയും നടത്തിയ കേസില്‍ തന്റെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതികളിലൊരാളായ വാളയാര്‍ മനോജ്. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തന്നെ ജയിലിലേക്ക് തിരിച്ചെടുക്കണമെന്ന് മനോജ് ജില്ലാ സെഷന്‍സ് കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഊട്ടി വിട്ടുപോകരുത്, എല്ലാ തിങ്കളാഴ്ച്ചയും കോടതിയിലെത്തി ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മനോജിന് ജാമ്യം ലഭിച്ചത്. എന്നാല്‍ തനിക്ക് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമൊന്നും മുറി വാടകയ്ക്ക് ലഭിക്കുന്നില്ലെന്നും താമസ സൗകര്യമോ ജോലിയോ ലഭിക്കാത്തതിനാല്‍ ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്നുമാണ് മനോജ് പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മനോജ് ഒരു പ്രമേഹരോഗിയാണ്. തണുത്ത കാലാവസ്ഥ ഇയാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വേറെ ഒരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇയാളെ ജയിലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്' - മനോജിന്റെ അഭിഭാഷകന്‍ മുനിരത്‌നം പറഞ്ഞു. മനോജിന്റെ ഹര്‍ജി വ്യാഴാഴ്ച്ചയാണ് പരിഗണിക്കുക. ജസ്റ്റിസ് സി സഞ്ജയ് ബാബയാണ് കേസ് പരിഗണിക്കുന്നത്.