മീർസാ ഗാലിബിന്റെ 153-ാം ചരമവാർഷികമാണ് കടന്നുപോയത്. ഉർദു-പേർഷ്യൻ ഭാഷകൾ കണ്ട ഏറ്റവും മഹാനായ കവിയും ഉപഭൂഖണ്ഡം ജന്മം നൽകിയ മഹാപ്രതിഭകളിൽ ഒരാളുമായാണ്, പൗരസ്ത്യഭാഷകളിലെ ഗവേഷണവിശാരദനും കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളേജിലെ റീഡറുമായ പ്രഫസർ റാൾഫ് റസ്സൽ, ഗാലിബിനെ അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികത്തിൽ, പാശ്ചാത്യസമൂഹത്തിന് പരിചയപ്പെടുത്തുന്നത്. അതൊട്ടും അതിശയോക്തിയായിരുന്നില്ല, അതിനപ്പുറമായിരുന്നു ഗാലിബ് എന്ന് അവർ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഗാലിബിന്റെ കവനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഏതാനും ഈരടികൾ പരിഭാഷസഹിതം താഴെ കൊടുക്കുന്നു.
ഗാലിബ് എന്ന ഒരു ഈരടിയിൽ പറയുന്നുണ്ട്, തുള്ളിയിൽ സമുദ്രം സമഗ്രമായും അംശത്തിൽ വസ്തുവിനെ പൂർണ്ണമായും കാണാൻ കഴിയുന്നില്ലെങ്കിൽ ആ കണ്ണുകൾ കളിപ്പാട്ടമാണ്, കാണാനുള്ള അവയവമല്ല എന്ന്. ഈ തുള്ളികളിൽ ഗാലിബ് എന്ന മഹാസാഗരം കാണാനാവുമോ എന്ന് നമുക്ക് നോക്കാം.
ഇശ്ക് സെ തബീഅത് നെ
സീസ്ത് കാ മസാ പായാ
ദർദ് കി ദവാ പായി
ദർദ്-എ-ബേദവാ പായാ
(പ്രണയത്തിലൂടെ എന്റെ പ്രകൃതം
ജീവിക്കുന്നതിലെ ആഹ്ളാദമറിഞ്ഞു
വേദനയ്ക്കുള്ള ശമനം കണ്ടെത്തി
ശമനമില്ലാത്ത വേദനയും കണ്ടെത്തി)
ആഗോഷ്-എ-ഗുൽ കുശാദ
ബരായെ വിദാ ഹൈ
അയ് അന്ദലീബ് ചൽ
കെ, ചലേ ദിൻ ബഹാർ കെ
(ആശ്ളേഷിക്കാൻ കരങ്ങൾ നീട്ടി
പനിനീർപ്പൂ പറയുന്നു
പൂങ്കുയിലേ വരൂ വിട ചൊല്ലാൻ നേരമായി
വസന്തത്തിന്റെ നാളുകൾ കഴിഞ്ഞുപോയി)
മഹ്റം നഹീ ഹൈ തു ഹി
നവാഹാ-എ-രാസ് കാ
യാം വർന ജൊ ഹിജാബ് ഹൈ
പർദ ഹൈ സാസ് കാ
(ദിവ്യരാഗങ്ങൾ കേൾക്കാൻ നമ്മുടെ
കാതുകൾക്ക് കഴിയാത്തതുകൊണ്ടാണ്
മുളംതണ്ടിലെ സംഗീതംപോലെ അത്
നമ്മിൽത്തന്നെ മറഞ്ഞിരിപ്പുണ്ട്.)
ഹൈ ഖയാൽ എ-ഹുസ്ന് മെ
ഹുസ്ന്-എ- അമൽ കാ-സാ ഖയാൽ
ഖുൽദ് കാ ഇക് ദർ ഹൈ, മേരി
ഗോഷ് കെ അന്ദർ ഖുലാ
(സൗന്ദര്യചിന്തകൾ ആരാധനയ്ക്ക്
സമാനമാംവിധം ശ്രേഷ്ഠമാണ്
സ്വര്‍ഗ്ഗത്തിൽ നിന്നൊരു കവാടമെന്റെ
കല്ലറയിലേക്കു തുറന്നതതുകൊണ്ടാണ്)
ഷഹാദത് ഥി മേരി കിസ്മത് മെ
ജൊ ദീ ഥി യെ ഖൂ മുഝ് കൊ
ജഹാം തൽവാർ കൊ ദേഖാ
ഝുകാ ദേതാ ഥാ ഗർദൻ കൊ
(രക്തസാക്ഷിത്വം എന്റെ വിധിയിൽ
എഴുതപ്പെട്ടതായിരുന്നു
കരവാൾ കാണുമ്പോഴൊക്കെയും ഞാൻ
കഴുത്തുനീട്ടുന്നത് അതുകൊണ്ടാണ്.)
ദിലാ, യെ ദർദ്-ഒ-അലം ഭി തൊ
മുഗ്തനിം ഹൈ, കി ആഖിർ
ന ഗിരിയ-എ-സഹരി ഹൈ
ന ആഹ്-എ-നീംശബി ഹൈ
(ഈ ദുഃഖവും നോവും എത്ര
വിലപ്പെട്ടതാണെന്ന്
ഒരിക്കൽ, ഹൃദയമേ, നീ മനസ്സിലാക്കും
പകലത്തെ കണ്ണീരും
പാതിരാവിലെ നെടുവീർപ്പും
ഒരുനാൾ നിനക്ക് നഷ്ടമാകും)
ന ജാനും നേക് ഹും യാ ബദ് ഹും
പർ സൊഹ്ബത് മുഖാലിഫ് ഹൈ
ജൊ ഗുൽ ഹും തൊ ഹും ഗുൽഖൻ മെ
ജൊ ഖസ് ഹും തൊ ഹും ഗുൽഷൻ മെ
(നല്ലവനാണോ കെട്ടവനാണോ
എന്നറിയില്ല
എന്നും പ്രതികൂലദശകളിൽ
കഴിയാനായിരുന്നു വിധി
ഒന്നുകിൽ ചൂളയിൽ പതിച്ച പൂവായി
അല്ലെങ്കിൽ പൂക്കൾക്കിടയിലെ കളയായി)
ന ലുട്ട്താ ദിൻ കൊ തൊ
കബ് രാത് കൊ യൂം ബേഖബർ സോതാ
രഹാ ഘട്ട്കാ ന ചോരി കാ
ദുആ ദേതാ ഹും രഹ്സന്‍ കൊ
പകല്‍ ഈ വിധം
കൊള്ളക്കിരയായിരുന്നില്ലെങ്കിൽ
രാത്രി ഇത്രയും ശാന്തമായി
ഉറങ്ങാൻ കഴിയുമായിരുന്നോ...?
കൊള്ളയെക്കുറിച്ചിനി പേടിക്കേണ്ട
കൊള്ളക്കാരനെ ദൈവം തുണയ്ക്കട്ടെ)
ഹൈ ആദ്മി ബജാ-എ-ഖുദ്
ഇക് മഹ്ശർ-എ-ഖയാൽ
ഹം അൻജുമൻ സമഝ്തെ ഹൈ
ഖൽവത് ഹി ക്യൂം ന ഹോ
(നാനാവിധ ചിന്തകളാൽ നിബിഡമായ
ഒരു വലിയ ലോകമാണ് ഓരോ മനുഷ്യനും
തനിച്ചാകുമ്പോഴും നിറസദസ്സിന്റെ
നടുവിലാണെന്ന തോന്നലാണെനിക്ക്)
ജബ് ബ തക് രീബ്-എ-സഫർ
യാർ നെ മഹ്മിൽ ബാന്ധാ
തപിഷ്-എ-ശൗക് നെ
ഹർ സർറെ പെ ഇക് ദിൽ ബാന്ധാ
(ഓമലാളുടെ യാത്രയ്ക്കായി
ഒട്ടകത്തെ ഒരുക്കിനിറുത്തിയപ്പോൾ
എന്റെ ആധിയുടെ ചൂട്
ഓരോ മണൽത്തരിക്കും
തപിക്കുന്ന ഓരോ ഹൃദയം നൽകി)
ഹും ദർദ്മന്ദ് , ജബ്ര് ഹൊ
യാ ഇഖ്തിയാർ ഹോ
ഗഹ് നാല-എ-കശീദ,
ഗഹ് അശ്ക്-എ-ചകീദ ഹൂം
(വിധിയാണോ സാമർത്ഥ്യക്കുറവാണോ
എന്നറിയില്ല.
ആയുസ്സു മുഴുവൻ ശോകമെന്നെ പുണർന്നുനിന്നു
ഇടയ്ക്കുഞാൻ ഇററുവീഴുന്ന കണ്ണീരായി
അല്ലാത്ത നേരം നീണ്ട നെടുവീർപ്പായി.)
ഖാമോഷി മെ നിഹാൻ ഖൂൻഗഷ്ത
ലാഖോം ആർസുവേം ഹൈ
ചരാഗ്-എ-മുർദ ഹും മൈ ബേസുബാൻ
ഗോർ-എ-ഗരീബാൻ കാ
(സ്വന്തം ചോരയിൽ മുങ്ങിമരിച്ച
ആയിരം ആഗ്രഹങ്ങളെ
എന്റെ മൗനം ഒളിപ്പിക്കുന്നു
അജ്ഞാതന്റെ അസ്ഥിമാടത്തിൽ
വിമൂകമായി എരിഞ്ഞടങ്ങിയ
മെഴുകുതിരിയാണു ഞാൻ)
ബസൂരത് തകല്ലുഫ്
ബമഅനി തഅസ്സുഫ്
അസദ്, മൈ തബസ്സും ഹും
പശ്മുർദഗാൻ കാ
(ഒന്നും കാര്യമാക്കാത്ത മട്ടിൽ
എന്നാൽ അകമേ കരഞ്ഞുനിൽക്കുന്ന
ശരൽക്കാലം ക്ഷയിപ്പിച്ച പൂക്കളുടെ
വാടിയ പുഞ്ചിരിയാണു ഞാൻ)
തിലിസ്മ്-എ-മസ്തി-എ-ദിൽ,
ആൻസൂ-എ-മഹ്‌ജൂം-എ-സർശക്
ഹം ഇക് മയ്കദ, ദരിയാ കെ പാർ
രഖ്തെ ഹൈ
(കണ്ണീർ പ്രളയത്തിനപ്പുറത്ത്
ഹൃദയഹർഷങ്ങളുടെ
നിഗൂഢലോകമാണ്
ഈ നദിയുടെ അങ്ങേക്കരയിലും
ഒരു മധുശാല എനിക്കായി
തുറന്നിരിപ്പുണ്ട്.)
ഹൈ പരെ സർഹദ്-എ-ഇദ്റാക് സെ
അപ്നാ മസ്ജൂദ്
കിബ് ല കൊ അഹ്‌ല്-എ-നസ്ർ
കിബ് ലനുമാ കഹ്തെ ഹൈ
(ഞാൻ ആരാധിക്കുന്ന ദൈവം
അറിവിന്റെ അതിരുകൾക്കപ്പുറത്താണ്
കാണാൻ കഴിയുന്നവർക്ക് കിബ് ല
ചൂണ്ടുപലക മാത്രമാണ്.)
ചൽതാ ഹും ഥോഡി ദൂർ ഹർ ഇക്
തേസ് രൗ കെ സാഥ്
പഹ്ചാൻതാ നഹീ ഹും അഭി
രാഹബർ കൊ മൈ
(തിരക്കിട്ടുനടക്കുന്ന
ഓരോരുത്തരുടെയും കൂടെ
ഒട്ടുദൂരം ഞാനും നടന്നുനോക്കി
വഴികാട്ടിയായി കരുതാവുന്ന
ഒരുത്തനേയും എനിക്ക്
കാണാൻ കഴിഞ്ഞില്ല)
(തൗഫീക് ബ-അന്ദാസ-എ-ഹിമ്മത് ഹൈ
അസൽ സെ
ആഖോം മെ ഹൈ വൊ കത് ര
കി ഗൗഹർ ന ഹുവാ
(ആഗഹങ്ങൾക്കനുസരിച്ചാണ്
അനുഗ്രഹങ്ങൾ ലഭ്യമാകുന്നത്
കണ്ണീരാകാൻ കൊതിച്ച കണിക
കടലിലെ മുത്താവുകയില്ല.)
നഗ്മഹാ-എ-ഗം കൊ ഭി, അയ് ദിൽ
ഗനീമത് ജാനിയേ
ബേസദാ ഹോ ജായേഗി
യെ സാസ് -എ-ഹസ്തി ഏക് ദിൻ
(തന്ത്രികൾ ഉതിർക്കുന്നത് വിഷാദരാഗമാണെങ്കിലും
ഹൃദയമേ, നീയവ
നിധിയായിക്കരുതുക
നിശ്ശബ്ദവും നിശ്ചലവുമാകും
ഒരിക്കൽ ഈ ജീവിതവീണ)
ആളുകളെ ഉൻമത്തരാക്കുകയും മെയ്മറവിയിലെത്തിക്കുകയും ചെയ്യുന്ന കടുപ്പമേറിയ ഈ വീഞ്ഞ് രുചിച്ചുനോക്കാൻ ആർക്കൊക്കെയുണ്ട് ധൈര്യം എന്ന് ഗാലിബ് തന്റെ കവിതയെക്കുറിച്ച്, മറ്റൊരു ഈരടിയിൽ ചോദിക്കുന്നുണ്ട്. നമുക്ക് രുചിച്ചു നോക്കാം...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക