അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന കേസില്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കേസിലെ പ്രതികളായ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് ശിക്ഷ. ഇതില്‍ നാല് പേര്‍ മലയാളികളാണ്. ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അൻസാർ നദ്വി, ബി ശറഫുദ്ദീൻ എന്നിവരാണ് പ്രതികളായ മലയാളികൾ. നേരത്തെ മൂന്ന് മലയാളികൾ ഉൾപ്പെടെ 28 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികളിൽ നിന്ന് 2.85 ലക്ഷം രൂപ വീതം പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.
2008 ലാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര നടക്കുന്നത്. സ്‌ഫോടനത്തിൽ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേസ് പരിഗണിച്ച ജഡ്ജി എ ആർ പട്ടേൽ വിധി പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപയും നല്‍കണമെന്നും വിധിയില്‍ പറയുന്നു. 70 മിനിട്ടുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹീദ്ദീനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസിന്‍റെ വിചാരണ 2021 സെപ്റ്റംബറിൽ പൂർത്തിയായിരുന്നു. വർഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതികളെല്ലാം രാജ്യത്തെ വിവിധ ജയിലുകളിലാണ് ഇപ്പോൾ. വിചാരണക്കിടെ സബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി പ്രതികള്‍ ജയിൽ ചാടാൻ ശ്രമിച്ച സംഭവവും ഉണ്ടായി. തുരങ്കം ജയിൽ അധികൃതർ കണ്ടെത്തിയതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.