LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുത്തങ്ങ ഭൂസമരത്തിന്റെ കത്തുന്ന ഓര്‍മ്മകള്‍ക്ക് 19 വയസ്സ്

മുത്തങ്ങ വെടിവെപ്പിന് 19 വര്‍ഷം പൂര്‍ത്തിയാകുന്നു. രാജ്യത്ത് ആദിവാസി, ദളിത് ഭൂസമരങ്ങള്‍ക്കും അവകാശ പോരാട്ടങ്ങള്‍ക്കും പുതിയ ദിശാബോധം നല്‍കിയ സംഭവമായിരുന്നു രണ്ടു പതിറ്റാണ്ടോളം മുന്‍പ് നടന്ന മുത്തങ്ങ ഭൂസമരം. ഗോത്ര മഹാസഭ അധ്യക്ഷ സി. കെ. ജാനുവിന്റെയും കോഡിനേറ്റര്‍ എം. ഗീതാനന്ദന്റെയും നേതൃത്വത്തില്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി ഭൂസമരം നടത്തിയ ആദിവാസികളെ പോലീസ് വെടിവയ്പിലൂടെ ഭരണകൂടം ഒഴിപ്പിക്കുകയായിരുന്നു. 

2003 ജനുവരി അഞ്ചിനാണ് ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. വന്യജീവി സംരക്ഷണത്തിന്‍റെ പേരില്‍1960-ലും യൂക്കാലിപ്സ് പ്ലാന്റേഷന്‍റെ പേരില്‍ 1980-ലും സ്വന്തം ആവാസകേന്ദ്രമായ മുത്തങ്ങ വനത്തില്‍നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു അവര്‍. തങ്ങളുടെ സാമൂഹികാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ് അവരെ തള്ളിവിട്ടത്. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് പുറംതള്ളുകയും ഉപജീവനത്തിനായി പകരം തൊഴിലോ ഭൂമിയോ നല്‍കാതിരിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരായിരുന്നു ആദിവാസി ജനവിഭാഗത്തിന്റെ പോരാട്ടം. 

വളരെയേറെ പഠനങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും ശേഷമാണ് ഗോത്രമഹാസഭയും സഹയാത്രികരും സമരത്തിലേക്ക് എത്തിച്ചേര്‍ന്നത്.  ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍- 244 അനുശാസിക്കുന്ന വിധം 'സ്വന്തം ഊര്' സ്ഥാപിക്കാനുള്ള നടപടികളാണ് അവര്‍ ആദ്യം തുടങ്ങിയത്. ഇതിന്റെ ഭാഗമായി 28-ഓളം ഊരുസഭകള്‍ ഉണ്ടാക്കി. അവരുടെ നേതൃത്വത്തില്‍ ആ ഗോത്ര ഭൂമിയില്‍ 700-ഓളം കുടിലുകള്‍ ഉയര്‍ന്നു. കാടിനെ കൊള്ളയടിക്കാതെ കൃഷിചെയ്ത് സമരം മുന്നോട്ടുകൊണ്ടുപോകുക എന്നതായിരുന്നു രണ്ടായിരത്തോളം വരുന്ന  ആദിവാസി വിഭാഗത്തിന്റെ ഉദ്ദേശം. സ്വസ്ഥജീവിതം പ്രതീക്ഷിച്ച്, സമാധാനപരവും ഐതിഹാസികവുമായ സമരം അവര്‍ മുന്നോട്ടുകൊണ്ടുപോയി.

എന്നാല്‍ പാരിസ്ഥിതി വാദികള്‍ മുതല്‍ വന്‍കിട ഭൂമാഫിയവരെയുള്ളവര്‍ ഇതിനെതിരെ പ്രത്യക്ഷമായിത്തന്നെ രംഗത്തുവന്നു. ഇവരുടെടെയൊക്കെ ഇംഗീതത്തിന് തുള്ളുന്ന ഭരണകൂടം സമരത്തെ രാജ്യദ്രോഹ കുറ്റം എന്നാക്ഷേപിച്ചു. ആദിവാസികള്‍ പരിസ്ഥിതിയെ തകര്‍ക്കുകയാണെന്ന അസാധാരണമായ വാദമായിരുന്നു 'പാരിസ്ഥിതിക വാദികള്‍' ഉയര്‍ത്തിയത്. എല്ലാ കുപ്രചാരണങ്ങളേയും അതിജീവിച്ച് അവര്‍ സമരം തുടര്‍ന്നു.

ഇതിനിടെ 2003 ഫെബ്രുവരി മാസം 17-ന് വൈകീട്ട് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ഷെഡിന് സമീപം തീപ്പിടിത്തമുണ്ടായി. ഇണങ്ങിയ ആനകള്‍ക്ക് മദ്യം നല്‍കി ഊരിലേക്ക് ഇറക്കിവിട്ടു. സഹികെട്ട ആദിവാസികള്‍ തീ കത്തിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് അവരെ ബന്ദികളാക്കി. ഉദ്യോഗസ്ഥരെ മോചിപ്പിച്ചെങ്കിലും സമരക്കാരെ വനത്തില്‍ നിന്ന് പുറത്താക്കാന്‍ 19-ന് പൊലീസ് കാട് വളഞ്ഞു. തുടര്‍ന്നുനടന്നത് നരനായാട്ടായിരുന്നു. അമ്പും വില്ലുമൊക്കെയായി ചെറുക്കാന്‍ ശ്രമിച്ച ആദിവാസി വിഭാഗത്തെ  തോക്കും ലാത്തികളും ഗ്രനേഡുകളുമായി പൊലീസ് നേരിട്ടു. അവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തു. ചെറുത്തുനില്‍പ്പിനിടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെയ്പിലാണ് ജോഗി മരിക്കുന്നത്. ഇതിനിടയില്‍ പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു.

വെടിവെപ്പിനെ തുടര്‍ന്ന് സമരകേന്ദ്രത്തിന് സമീപത്തെ എല്ലാ ആദിവാസി കുടിലുകളും പൊലീസ് അരിച്ചുപെറുക്കി. കയ്യില്‍കിട്ടിയവരെയെല്ലാം ക്രൂരമായി മര്‍ദിച്ചു. ഫെബ്രുവരി 21-ന് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ വെച്ച് ഗീതാനന്ദനും ജാനുവും അറസ്റ്റിലായി. ഇരുവര്‍ക്കും അതിക്രൂരമായ മര്‍ദനമേറ്റു. കേരളം പ്രതിഷേധങ്ങളുടെ ചെങ്കടലായി. അന്നുവരെ സമരത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷം സര്‍ക്കാറിനെതിരായ ആയുധമാക്കി സമരത്തെ മാറ്റി. അരുന്ധതി റോയിയും കുല്‍ദീപ് നയ്യാറുമടക്കമുള്ള സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ മുത്തങ്ങയിലെത്തി. സമരം അന്താരാഷ്‌ട്ര ചര്‍ച്ചയായി. ആദിവാസികളും ദളിതുകളും സ്വന്തം കാലില്‍ നിന്ന് പോരാടാനുള്ള കരുത്ത് നേടിയതില്‍ മുത്തങ്ങ സമരത്തിനുള്ള പങ്ക് ചെറുതല്ല. അതിനുശേഷം ചങ്ങറയും അരിപ്പയുമടക്കം എത്രയോ ഭൂസമരങ്ങള്‍ രൂപംകൊണ്ടു. 

ആദിവാസികളുടെ ഭൂമി പ്രശ്നം ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും മുത്തങ്ങ സമരം ഗോത്രസമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കി. ആദിവാസി കരാര്‍ നടപ്പാക്കിയതിന്‍റെ ഫലമായി 8000 കുടുംബങ്ങള്‍ക്ക് 10,000 ഏക്കര്‍ ഭൂമികിട്ടി. അപ്പോഴും മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ അങ്ങനെ നിലനില്‍ക്കുകയാണ്. ഓരോ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും കേസുകള്‍ പിന്‍വലിക്കുമെന്ന് ഇരുമുന്നണികളും വാഗ്ദാനം ചെയ്യും. അവരത് വിശ്വസിക്കുന്നു, വോട്ടു ചെയ്യുന്നു. മറ്റൊന്നും സംഭവിക്കുന്നില്ല.  ആദിവാസികള്‍ കോടതി കയറിയിറങ്ങുന്നതുമാത്രം തുടരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More