മലപ്പുറം: അൻപത് ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പി. വി. അൻവറിന് (P. V. Anvar) അനുകൂലമായ റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസിൽ പ്രതിയായ പി വി അൻവർ എംഎൽഎയെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇത് കോടതി ചോദ്യം ചെയ്തിരുന്നു. ഇത് ക്രിമിനൽ സ്വഭാവമുള്ള കേസാണെന്നും, അത് സിവിൽ കേസാക്കി മാറ്റണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് മടക്കി അയച്ച കോടതി കേസിൽ പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2011 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അൻവർ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കര്‍ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ഇടപാട് എന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് 50 ലക്ഷം രൂപ വാങ്ങിയത് എന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് അന്വേഷണം വഴി തെറ്റിക്കുന്നു എന്ന് ആരോപിച്ച് പരാതിക്കാരനായ സലീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി. വി. അന്‍വര്‍ എം.എല്‍.എയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരന്‍ സലീം സമര്‍പ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്.