ഇടുക്കി: പുല്‍പ്പളളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയും നക്‌സലേറ്റ് നേതാക്കളായിരുന്ന വര്‍ഗീസിന്റെയും അജിതയുടെയും സഹപ്രവര്‍ത്തകനുമായിരുന്ന അളളുങ്കല്‍ ശ്രീധരന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഫെബ്രുവരി 24-വ്യാഴാഴ്ച്ചയായിരുന്നു അന്ത്യം. താന്‍ പഴയ വിപ്ലവകാരിയാണെന്ന വിവരം മരണശേഷം മാത്രമേ പുറത്തുവിടാവു എന്ന് അദ്ദേഹം രണ്ട് വിശ്വസ്തരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. മരണശേഷം ഇവര്‍ വിവരം അജിതയെ അറിയിച്ചു. അജിതയുടെ സന്ദേശം സംസ്‌കാരച്ചടങ്ങിനിടെ വായിച്ചപ്പോള്‍ മാത്രമാണ് അളളുങ്കല്‍ ശ്രീധരനാണ് തങ്ങളുടെ കൂടെ ജീവിച്ചതെന്ന് നാട്ടുകാര്‍ പോലുമറിയുന്നത്.
1968-നവംബര്‍ 24-ന് നക്‌സല്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വയനാട് പുല്‍പ്പളളി പൊലീസ് സ്റ്റേഷന്‍ അക്രമിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീധരന്‍. സംഘത്തില്‍ അജിത, തേറ്റമല കൃഷ്ണന്‍കുട്ടി, ഫിലിപ് എം പ്രസാദ് തുടങ്ങിയവരും ഉണ്ടായിരുന്നു. കേസില്‍ കീഴ്‌ക്കോടതി ശ്രീധരനെ മാത്രം വെറുതെ വിട്ടിരുന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം അപ്പീല്‍ കോടതി ജീവപര്യന്തം വിധിച്ചതറിഞ്ഞപ്പോള്‍ മുതല്‍ ശ്രീധരന്‍ ഒളിവിലായിരുന്നു. 40 വര്‍ഷമാണ് ശ്രീധരന്‍ ഒളിവില്‍ കഴിഞ്ഞത്. വയനാട് നിന്നും ഇടുക്കിയിലെത്തിയ അദ്ദേഹം നിരപ്പേല്‍ തങ്കപ്പന്‍ എന്ന് പേരുമാറ്റി സി പി എം പ്രവര്‍ത്തനവും കൃഷിയുമായി കുടുംബത്തോടൊപ്പം ജീവിക്കുകയായിരുന്നു. ഇടുക്കിയിലെ അയല്‍ക്കാര്‍ക്കുപോലും അദ്ദേഹത്തിന്റ വിപ്ലവ ചരിത്രം അറിയില്ലായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ ആദ്യ നക്‌സല്‍ മുന്നേറ്റങ്ങളിലൊന്നായിരുന്നു വയനാട് പുല്‍പ്പളളി പൊലീസ് ക്യാംപ് ആക്രമണം. തലശേരിയിലെയും പുല്‍പ്പളളിയിലെയും പൊലീസ് ക്യാംപുകളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിച്ച് വയനാട് കീഴടക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണത്തില്‍ പരാജയപ്പെട്ടു. അജിതയും ശ്രീധരനുമടക്കം 149 നക്‌സലുകള്‍ പിടിയിലായി. ഇവരില്‍ മിക്കവരും ജയില്‍ശിക്ഷ അനുഭവിച്ചു. വര്‍ഗീസ് അന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് വെടിയേറ്റ് മരണപ്പെട്ടു. ശ്രീധരന്‍ കുറച്ചുനാള്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തുവന്നു. പിന്നീടാണ് മേല്‍ക്കോടതി ശ്രീധരന് ജീവപര്യന്തം വിധിച്ചതും അദ്ദേഹം ഒളിവില്‍ പോയതും.